പാലക്കാട്: പുറത്തേക്കാണു വഴി തുറക്കുന്നതെങ്കില്‍ ഒറ്റയ്ക്കാവില്ലെന്ന് മുന്‍ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥ്. പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിനെതിരേ മത്സരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് എ.വി. ഗോപിനാഥിലേക്ക് ശ്രദ്ധതിരിഞ്ഞത്. വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടെങ്കിലും തീരുമാനമായിട്ടില്ല.
ഗ്രൂപ്പില്ലാത്തവര്‍ പാര്‍ട്ടിയില്‍ വേണ്ട എന്നതാണ് അവസ്ഥയെന്ന്, വിമതസ്വരമുയര്‍ത്തി തെരഞ്ഞെടുപ്പ് കാഹളത്തില്‍ ആദ്യവെടി പൊട്ടിച്ച എ.വി. ഗോപിനാഥ് മംഗളത്തോടു പറഞ്ഞു.
? പ്രധാനമായി ഉന്നയിക്കുന്ന ആവശ്യം
= ഗ്രൂപ്പില്ലാത്തവരെ പുറത്താക്കുകയാണ്. ഗ്രൂപ്പില്ലാത്തവര്‍ക്ക് സ്ഥാനം നല്‍കില്ല. എല്ലായിടത്തും ഗ്രൂപ്പുകാരെ മുഴുവന്‍ തിരുകികയറ്റുന്നു. ഗ്രൂപ്പില്ലാത്തവര്‍ പാര്‍ട്ടിയില്‍ വേണ്ട എന്ന പോലെയാണ് കാര്യങ്ങള്‍. ഞങ്ങളുടെ രക്തം കുടിച്ച് ഒരുപാട് നേതാക്കള്‍ തടിച്ചുകൊഴുത്തു. ഇനി രക്തം നല്കാനില്ല. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ് നിലനില്ക്കാന് ഞാന്‍ ഉറച്ചു നില്‍ക്കണം. ഇതിനൊരു പോംവഴി കണ്ടുപിടിച്ചേ പറ്റു.
? ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് എന്നാണോ
ഗ്രൂപ്പ് നടത്തിക്കോട്ടെ. പരമാവധി ഗ്രൂപ്പ് നടത്തി നശിച്ചോട്ടെ. പക്ഷേ, ഗ്രൂപ്പില്ലാത്തവരും വേണമല്ലോ. ഗ്രൂപ്പില്ലാത്ത സജീവ പ്രവര്‍ത്തകരെ വേട്ടയാടാന്‍ പാടില്ലല്ലോ. ഗ്രൂപ്പല്ല, കോണ്‍ഗ്രസാണു വലുതെന്നു പറയുന്നവനും സംരക്ഷണം നല്‍കണം. ഗ്രൂപ്പില്ലാത്തവരെ പുറത്താക്കുകയും വരുതിക്ക് വരുത്തുകയുമൊക്കെ ചെയ്യുന്ന രീതികള്‍ മാറണം.
? എന്താണ് അടുത്ത നീക്കം
ഒന്നു രണ്ടുദിവസംകൂടി കാത്തിരിക്കണം. പാര്‍ട്ടി നിലപാട് പറയട്ടെ. അതിനനുസരിച്ച് എന്തുവേണമെന്ന് തീരുമാനിക്കും. കെ.പി.സി.സി. പ്രസിഡന്റ് വിളിച്ചിരുന്നു. കെ. സുധാകരന് വെള്ളിയാഴ്ച കാണാന്‍ വരുമെന്ന് അറിയിച്ചിട്ടുണ്ട്.
? വാഗ്ദാനങ്ങളുണ്ടോ
മറ്റ് ചേരികളില്‍നിന്നു വാഗ്ദാനങ്ങളൊക്കെയുണ്ട്
? പെരുങ്ങോട്ടുകുറിശിയില്‍ ചില നീക്കങ്ങള്‍ ഉണ്ടല്ലോ
പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 16 ല്‍ 11 അംഗങ്ങളും കോണ്‍ഗ്രസാണ്. രണ്ടില്‍ ഒരു ബ്ലോക്ക് അംഗവും. ഒരു സര്‍വീസ് സഹകരണ ബാങ്കും ആറ് ക്ഷീരസംഘങ്ങളുമുണ്ട്.
കഴിഞ്ഞ 42 വര്‍ഷമായി പെരുങ്ങോട്ടുകുറിശിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ മാത്രമാണ് പിന്തുണയ്ക്കുന്നത്. വരാനിരിക്കുന്ന അഞ്ചുവര്‍ഷംകൂടി കൂട്ടിയാല്‍ അത് 47 വര്‍ഷമാകും. പ്രതീക്ഷയോടെ പിന്തുണ നല്കി വരുന്ന ജനങ്ങളോട് സാഹചര്യം വിശദീകരിക്കണം. ഇനിയെടുക്കുന്ന തീരുമാനത്തിലും ഗ്രാമത്തെ കൂടെ നിര്‍ത്തണം. അതിനായി പഞ്ചായത്തംഗങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. സഹകാരികളുടെ യോഗവും ഉടന്‍ നടക്കും. അനുകൂലമായാല്‍ ഒന്നിച്ച് പോകും.





