
പുതിയ വ്യക്തിഗത സുരക്ഷാ ആപ്ലിക്കേഷനുമായി ട്രൂ കോളര്‍. ഗാര്‍ഡിയന്‍സ് എന്ന പേരില്‍ എത്തുന്ന ഈ ആപ്പ് അടിയന്തിര ഘട്ടങ്ങളില്‍ രക്ഷിതാക്കളെ തങ്ങളുടെ ലൊക്കേഷന്‍ വിവരവും മുന്നറിയിപ്പും നല്‍കുന്നതിന് ഉപയോക്താക്കളെ സഹായിക്കും.
മറ്റ് തേഡ് പാര്‍ട്ടി ആപ്പുകളുമായി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളൊന്നുംതന്നെ പങ്കുവെക്കില്ലെന്നും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്നും ട്രൂ കോളര്‍ പറയുന്നു. കഴിഞ്ഞ 15 മാസക്കാലം കൊണ്ടാണ് ഇന്ത്യയിലേയും സ്വീഡനിലേയും ടീമംഗങ്ങള്‍ ചേര്‍ന്ന് ഗാര്‍ഡിയന്‍സ് ആപ്പ് തയ്യാറാക്കിയത്.
വനിതകള്‍ക്ക് വേണ്ടിയാണ് ഈ ആപ്പ് പ്രധാനമായും നിർമിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായാണ് ഈ ആപ്പ് എത്തിയിരിക്കുന്നത്. ഈ ആപ്പ് തീര്‍ത്തും സൗജന്യമായി ഉപയോഗിക്കാനാവും. നിലവിലുള്ള ട്രൂ കോളര്‍ ഐഡി ഉപയോഗിച്ച് ഗാര്‍ഡിയന്‍സ് ആപ്പില്‍ ലോഗിന്‍ ചെയ്യാം. ഗാര്ഡിയന് ആപ്പിന് ലൊക്കേഷന്‍, കോണ്ടാക്റ്റ്സ്, ഫോണ്‍ പെര്മിഷന് എന്നിവയാണ് വേണ്ടത്. ഗാര്ഡിയന് ആപ്പ് ലൊക്കേഷനെ കൂടാതെ ഫോണിലെ ബാറ്ററി, നെറ്റ്വര്‍ക്ക് എന്നിവ എത്രത്തോളമുണ്ട് തുടങ്ങിയ വിവരങ്ങളും രക്ഷിതാവുമായി പങ്കുവെക്കുമെന്നാണ് റിപ്പോർട്ട്.






