കഴിഞ്ഞ വർഷം മാർച്ചിലാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ സ്പോർട്ടി ക്രോസ്സ്ഓവർ എസ്യുവിയായ ടി-റോക്കിന്റെ ആദ്യ ബാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ രണ്ടാമത്തെ ബാച്ച് ടി-റോക്ക് ഫോക്സ്വാഗൻ ഇന്ത്യ വില്പനക്കെത്തിച്ചു. പുതിയ ഫോക്സ്വാഗൻ ടി-റോക്ക് 51,000 രൂപയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യാം. ഏപ്രിൽ മുതലാണ് ഡെലിവറി നടക്കുക എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം എത്തിയ ടി-റോക്കിന് 19.99 ലക്ഷം ആയിരുന്നു എക്സ്-ഷോറൂം വില. പുത്തൻ മോഡലിന് 1.36 ലക്ഷം രൂപ കൂടി 21.35 ലക്ഷം ആണ് എക്സ്-ഷോറൂം വില. വില കൂടി എന്നതല്ലാതെ 2021 മോഡലും 2020 മോഡലും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. പ്യുവർ വൈറ്റ്, കുർക്കുമ യെല്ലോ, റെവെന്ന ബ്ലൂ, എനർജി ഓറഞ്ച്, ഇൻഡിയം ഗ്രേ എന്നീ അഞ്ച് ഡ്യുവൽ ടോൺ നിറങ്ങളിൽ ആണ് ടി-റോക്ക് വിപണിയിലുള്ളത്. ഈ കളറുകൾക്ക് കറുപ്പ് നിറത്തിലുള്ള റൂഫ് ആണ് ഉള്ളത്. ഡീപ് ബ്ലാക്ക് പേൾ മാത്രമാണ് ഏക സിംഗിൾ ടോൺ നിറം.
8.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ടി-റോക്കിന് മണിക്കൂറിൽ 205 കിലോമീറ്റർ ആണ് പരമാവധി വേഗത. 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ടിഎസ്ഐ ഇവോ പെട്രോൾ എൻജിൻ ആണ് ടി-റോക്കിന്റെ ഹൃദയം. 147 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ആണ് ഇത് ഉത്പാദിപ്പിക്കുന്നത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ആണ് ഗിയർബോക്സ്. സിലിണ്ടർ ഡിആക്ടിവേഷൻ സംവിധാനവും ടി-റോക്കിലുണ്ട്.






