
ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ സിഎഫ് മോട്ടോ 2019 ജൂലായിലാണ് 300NK വിപണിയിലെത്തിച്ചത്. സ്ട്രീറ്റ്ഫൈറ്റർ ബൈക്ക് ആയ സിഎഫ് മോട്ടോ 300NK-യ്ക്ക് 2.29 ലക്ഷം ആയിരുന്നു എക്സ്-ഷോറൂം വില. കെടിഎം 250 ഡ്യൂക്ക്, ബിഎംഡബ്ള്യു ജി 310 ആർ എന്നീ ബൈക്കുകളായിരുന്നു എതിരാളികൾ. 300NK-യുടെ ബിഎസ്6 പതിപ്പ് കഴിഞ്ഞ ദിവസം സിഎഫ് മോട്ടോ വില്പനക്കെത്തിച്ചു. സാധാരണ ബിഎസ്6 പതിപ്പുകൾ വില്പനക്കെത്തുമ്പോൾ വില കൂടുന്ന രീതിയാണ് കാണുന്നത്. എന്നാൽ, മോട്ടോ 300NK-യുടെ പുതിയ പതിപ്പിന് വില കൂടിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
ബിഎസ്4 പതിപ്പിൽ നിന്നും വലിയ വ്യത്യസ്തതയുമില്ലാതെയാണ് ബിഎസ്6 സിഎഫ് മോട്ടോ 300NK നിരത്തിലെത്തുന്നത്. താഴേക്ക് ഇറങ്ങി ക്രമീകരിച്ചിരിക്കുന്ന എൽഇഡി ഹെഡ്ലാമ്പ്, അണ്ടർബെല്ലി എക്സ്ഹോസ്റ്റ്, സ്ട്രീറ്റ്ഫൈറ്റർ ബൈക്കുകൾക്ക് യോജിക്കും വിധം എടുത്തുകാട്ടുന്ന സ്റ്റീൽ-ട്രെല്ലിസ് ഫ്രെയിം, ബോഡി ഘടകങ്ങൾ തീരെ കുറഞ്ഞ ടെയിൽ സെക്ഷൻ എന്നിവ ഡിസൈൻ സവിശേഷതകൾ ആണ്. ബിഎസ്6 സിഎഫ് മോട്ടോ 300NK പതിപ്പിന്റെ നിറങ്ങൾക്കും, ഗ്രാഫിക്സുകളിൽ മാറ്റങ്ങളില്ല. മസ്കുലാർ ആയ പെട്രോൾ ടാങ്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, രണ്ടായി ഭാഗിച്ച സീറ്റ്, 5-സ്പോക്ക് അലോയ് വീലുകൾ, പുറകിലെ ഫെൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന നമ്പർ പ്ലെയ്റ്റ് എന്നിവയാണ് മറ്റുള്ള ഫീച്ചറുകൾ.
സിഎഫ് മോട്ടോ പുതിയ ബിഎസ്6 പരിഷകരങ്ങൾക്ക് ശേഷമുള്ള എൻജിൻ സ്പെസിഫിക്കേഷൻ പുറത്ത് വിട്ടിട്ടില്ല. 7,200 ആർപിഎമ്മിൽ 34 എച്ച്പി പവറും 8,800 ആർപിഎമ്മിൽ 20.5 എൻഎം ടോർക്കും നിർമ്മിക്കുന്ന 292.2 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിന്റെ ഔട്പുട്ട് പരിഷ്ക്കാരങ്ങൾക്ക് ശേഷവും കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്. ഈ എഞ്ചിനുമായി 6 സ്പീഡ് ഗിയർബോക്സ് ആണ് ബന്ധിപ്പിച്ചിരിക്കുന്നത്.






