
ജനപ്രിയ ഹാച്ച്ബാക്കായ ടിയാഗൊയുടെ പുത്തൻ പതിപ്പ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. ‘ടിയാഗൊ എക്സ് ടി എ’യ്ക്ക് 5.99 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതമാണ് ഇത് എത്തുന്നത്. ‘എ എം ടി’ ശ്രേണിയിൽ ലഭ്യമായ മോഡലുകളുടെ എണ്ണം നാലായി ഉയർന്നെന്നും കമ്പനി പറയുന്നു.
‘ടിയാഗൊ’ അഞ്ചു വർഷം മുമ്പാണ് വിപണിയിൽ എത്തിയത്. 2020ൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനോടെ ‘ടിയാഗൊ’ വിപണിയിലെത്തി. 1.2 ലീറ്റർ, റെവോട്രോൺ, ബി എസ് ആറ് പെട്രോൾ എൻജിനാണ് ‘ടിയാഗൊ 2020’ കാറിനു കരുത്തേകിയിരുന്നത്. ‘ടിയാഗൊ’ ജി എൻ സി എ പി ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിങ് നേടിയിരുന്നു. ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 15 ഇഞ്ച് അലോയ് വീൽ, ഹർമാന്റെ ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാമായാണു ‘ടിയാഗൊ’യുടെ വരവ്.
എന്നും പുതുമ കാത്തു സൂക്ഷിക്കുമെന്ന വാഗ്ദാനം പാലിക്കാനാണു വിപണിയിൽ നിന്നുള്ള പ്രതികരണം മുൻനിർത്തി ‘ടിയാഗൊ’യുടെ പുതിയ പതിപ്പ് എത്തുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ്(പി വി ബി യു) വിപണന വിഭാഗം മേധാവി വിവേക് ശ്രീവത്സ പറയുന്നു. ജനുവരിയിൽ ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ’യുടെ പരിമിതകാല പതിപ്പ് അവതിപ്പിച്ചിരുന്നു. നവീകരിച്ച മോഡലിന്റെ വാർഷികാഘോഷം പ്രമാണിച്ചു എത്തിയ ഈ മോഡലിന് 5.79 ലക്ഷം രൂപയായിരുന്നു ഡൽഹി ഷോറൂമിലെ വില.
ഫ്ളെയിം റെഡ്, പേളെസെന്റ് വൈറ്റ്, ഡേടൊണ ഗ്രേ നിറങ്ങളിലാണു ടിയാഗൊ എക്സ് ടി എ വിൽപ്പനയ്ക്കെത്തിയത്. നാവിമാപ്സ് വഴിയുള്ള ത്രിമാന നാവിഗേഷൻ സഹിതം അഞ്ച് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനം, പുതിയ 14 ഇഞ്ച് ബ്ലാക്ക് അലോയ് വീൽ, ഡിസ്പ്ലേയോടെ റിവേഴ്സ് പാർക്കിങ് സെൻസർ, വോയ്സ് കമാൻഡ് റക്കഗ്നീഷൻ, വിഡിയൊ പ്ലേ ബായ്ക്ക്, പിന്നിൽ പാഴ്സൽ ഷെൽഫ് എന്നിവയും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.






