ഹൈനെസ് സിബി 350യുടെ സ്പോർട്ടി പതിപ്പ് CB350ആര്.എസിനെ ഹോണ്ട ഫെബ്രുവരി 16-നാണ് അവതരിപ്പിച്ചത്. ഇന്ത്യയിലെ മിഡ്-സൈസ് മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എത്തിയ ഹോണ്ടയുടെ രണ്ടാമത്തെ മോഡലായ സി.ബി.350 ആര്.എസിന്റെ വിതരണം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ആരംഭിച്ചെന്നാണ് റിപ്പോർട്ട്.
ഈ ബൈക്കുകള്‍ ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ ഔട്ട്ലെറ്റായ ബിഗ് വിങ്ങിലൂടെയാണ് നിരത്തുകളില്‍ എത്തുന്നത്. ഹോണ്ട CB350 ആര്.എസ് ഒരൊറ്റ പതിപ്പിൽ 1.96 ലക്ഷം എക്സ്-ഷോറൂം വിലയുമായാണ് വില്പനക്കെത്തിയിരിക്കുന്നത്. സ്ക്രാംബ്ലർ ടച്ചുള്ള CB350 ആര്.എസിന്റെ വില ഹൈനെസ്സ് സിബി 350 DLX പ്രോയെക്കാൾ 3,000 രൂപ കൂടുതലാണ്. ഹൈനെസ്സ് സിബി 350-യെക്കാൾ ഭാരം 2 കിലോഗ്രാം കുറവാണ് CB350 ആര്.എസിന് (179 കിലോഗ്രാം).
ഹൈനെസ്സ് സിബി 350-യെക്കാൾ വ്യത്യസ്തമായ മഡ് ഗാർഡ്, Y-ഷെയ്പ്പിലുള്ള അലോയ് വീലുകൾ, വലിപ്പം കുറഞ്ഞ് വീതിയേറിയ പിൻ ടയർ (150/70-17), റിങ് ഡിസൈൻ കൂട്ടിച്ചേർത്ത എൽഇഡി ഹെഡ്ലാംപ്, റൈഡർക്കും സഹയാത്രികനും വ്യത്യസ്തമായ പാറ്റേർനിലുള്ള സിംഗിൾ പീസ് സീറ്റ്, സീറ്റിനടിയിലായി ഇടം പിടിച്ചിരിക്കുന്ന ടെയിൽ ലാംപ്, വ്യത്യസ്തമായ ടെയിൽ പീസ് CB350 ആര്.എസിൽ ലഭിക്കുന്നു.
348.36 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാണ് ഹോണ്ട CB350 ആര്.എസിനും. 5,500 ആർപിഎമ്മിൽ 20.5 ബിഎച്ച്പി കരുത്തും 3,000 ആർപിഎമ്മിൽ 30 എൻഎം പീക്ക് ടോർക്കും ഈ എൻജിൻ നിർമ്മിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ഈ എൻജിൻ ജോഡിയാക്കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ജാവ 42, ബെനെലി ഇംപീരിയാലെ 400 എന്നീ ബൈക്കുകളാണ് സി.ബി.350 ആര്.എസിന്റെ എതിരാളികള്‍.






