
പത്ത് കോടി ഇരുചക്ര വാഹന നിർമാണമെന്ന നേട്ടം അടുത്തിടെയാണ് ഹീറോ മോട്ടോകോർപ് കൈവരിച്ചത്. ഇതിന്റെ ഭാഗമായി എക്സ്ട്രീം 160R-ന്റെ 100 മില്യൺ ലിമിറ്റഡ് എഡിഷൻ ഹീറോ പുറത്തിറക്കി. എക്സ്ട്രീം 160ആർ 100 മില്യൺ എഡിഷന്റെ കൊച്ചിയിലെ എക്സ്-ഷോറൂം വില 1,10,217 രൂപയാണ്. ഡിസ്ക് ബ്രെയ്ക്കുള്ള സ്റ്റാൻഡേർഡ് എക്സ്ട്രീം 160ആർ പതിപ്പിനേക്കാൾ (1,08,417 രൂപ) 1,800 രൂപ കൂടുതലാണ് എക്സ്ട്രീം 160ആർ 100 മില്യൺ എഡിഷന്.
100 മില്യൺ എഡിഷന്റെ വരവോടെ എക്സ്ട്രീം 160ആർ ഇപ്പോൾ നാല് നിറങ്ങളിൽ ലഭ്യമാണ് (പേൾ സിൽവർ വൈറ്റ്, വൈബ്രന്റ് ബ്ലൂ, സ്പോർട്സ് റെഡ്). എക്സ്ട്രീം 160ആർ 100 മില്യൺ എഡിഷന്റെ ആകർഷണം ചുവപ്പും, വെളുപ്പും നിറങ്ങളുടെ ഡ്യുവൽ ടോൺ ഫിനിഷാണ്. അലോയ് വീലിൽ പിൻ സ്ട്രൈപ്, പെട്രോൾ ടാങ്കിൽ '100 million' ബാഡ്ജിങ് എന്നിവയാണ് മറ്റുള്ള പ്രത്യേകതകൾ.
എക്സ്ട്രീം 160 ആറിന്റെ ഹൃദയം 160 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ആണ്. 8,500 ആർപിഎമ്മിൽ 15 ബിഎച്ച്പി പവറും 6,500 ആർപിഎമ്മിൽ 14 എൻഎം പീക്ക് ടോർക്കും ഈ എൻജിൻ നിർമിക്കുന്നു. 5-സ്പീഡ് ഗിയർബോക്സുമായി ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നു. ഈ സെഗ്മെന്റിലെ ഏറ്റവും വേഗമേറിയ ബൈക്കാണ് എക്സ്ട്രീം 160ആർ. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ എക്സ്ട്രീം 160ആർ-ന് 4.7 സെക്കന്റ് മതി എന്നാണ് ഹീറോ അവകാശപ്പെടുന്നത്. ഹീറോ എക്സ്ട്രീം 160ആറിന് സ്പോർട്ടി ലുക്കാണ് നൽകിയിരിക്കുന്നത്. 2019-ൽ ഇറ്റലിയിലെ മിലാനിൽ നടന്ന EICMA മോട്ടോർസൈക്കിൾ എക്സിബിഷനിൽ ഹീറോ അവതരിപ്പിച്ച സ്റ്റൈലിഷായ എക്സ്ട്രീം 1.R കൺസെപ്റ്റ് മോഡലിനെ അടിസ്ഥാനമാക്കി ആണ് എക്സ്ട്രീം 160ആർ തയ്യാറാക്കിയിരിക്കുന്നത്.






