ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനം ഇവി6-ന്റെ ചിത്രങ്ങൾ പുറത്ത് വിട്ടു. ഹ്യുണ്ടേയ്യുടെ ഐയോണിക് 5 ഇലക്ട്രിക്ക് എസ്യുവി അടിസ്ഥാനമായി ആണ് ഇവി6 തയ്യാറാക്കിയത്. ഇതിലൂടെ ബ്രാൻഡിന്റെ പുത്തൻ ഡിസൈൻ ഭാഷ്യമായ 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്'-ഉം കിയ മോട്ടോർസ് അവതരിപ്പിച്ചു.
“പ്രകൃതിയിലും മാനവികതയിലും കാണപ്പെടുന്ന വൈരുദ്ധ്യങ്ങളിൽ” നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് ഓപ്പോസിറ്റ്സ് യുണൈറ്റഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് കിയ മോട്ടോഴ്സിന്റെ അവകാശവാദം. ശില്പ രൂപങ്ങളുടെയും ഷാർപ്പായ സ്റ്റൈലിസ്റ്റിക് ഘടകങ്ങളുടെയും വിപരീത കോമ്പിനേഷനുകൾ ഉപയോഗിച്ച് ഒരു പുതിയ വിഷ്വൽ ഐഡന്റിറ്റി സൃഷ്ടിക്കാൻ ഡിസൈൻ ഫിലോസഫി ലക്ഷ്യമിടുന്നു. കിയ മോട്ടോർസ്സിന്റെ പ്ലാൻ എസ് ട്രാൻസ്ഫോർമേഷൻ സ്ട്രാറ്റജി എന്ന പുത്തൻ പദ്ധതിയുടെ ഭാഗമായി 7 ഇലക്ട്രിക്ക് വാഹനങ്ങളാണ് 2027-ന് മുൻപായി വില്പനക്കെത്തിക്കാൻ കിയ മോട്ടോർസ് ഒരുങ്ങുന്നത്.
ഇവി6 മോഡേൺ ലുക്കിലാണ് എത്തുന്നത്. കിയയുടെ പുതിയ ലോഗോയും വലിപ്പം കുറഞ്ഞ ഗ്രില്ലും അല്പം ഷാർപ് എഡ്ജുകളുള്ള ഹെഡ്ലൈറ്റുമാണ് മുൻവശത്തെ ആകർഷണം. ക്ലാംഷെൽ സ്റ്റൈലിലുള്ള ബോണറ്റ് ഇവി6ന് കൂടുതൽ ആകർഷകമാക്കുന്നു. ഡിജിറ്റൽ ടൈഗർ ഫേസ് എന്ന് വിളിക്കുന്ന പുത്തൻ ഡിസൈൻ കിയയുടെ പ്രശസ്തമായ ടൈഗർ നോസ് ഗ്രിൽ ഭാഷ്യത്തിന്റെ പിൻഗാമിയാണ്. സ്പോർട്ടി ലുക്കുള്ള ബോഡി ക്ലാഡിങ്, ഏറെ പുറകിലേക്ക് ചരിഞ്ഞിരിക്കുന്ന എ-പില്ലർ, പുറകിലേക്ക് ഒഴികിയിറങ്ങും വിധമുള്ള സി പില്ലർ എന്നിവ കിയ ഇവി6ൽ ലഭിക്കുന്നു. വ്യത്യസ്തമായ ടെയിൽ-ലൈറ്റുകളാണ് കിയ ഇവി6-ന്.






