
കൊച്ചി : രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പലയിടത്തും പ്രതിക്ഷേധം ശക്തമാണ്. മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കഴിഞ്ഞു. നടന് ബിനീഷ് ബാസ്റ്റിന് സൈക്കിള്‍ ഓടിച്ച് റോഡിലൂടെ പോകുന്ന രസകരമായ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കു വച്ചുകൊണ്ടാണ് ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിക്ഷേധിച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം 'ടീമേ.. പെട്രോള്‍ നമ്മളോടാ കളി, ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റര്‍ വെള്ളം കുടിച്ചാല്‍.. 50 കിലോമീറ്റര്‍ ഓടുന്ന വണ്ടി വേറെന്തുണ്ട്'-എന്ന അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.
ഇന്ധനനികുതിയും വിലയും ഉയരുന്നതില്‍ പമ്പ് ഉടമകള്‍ക്കും അനുകൂല നിലപാടില്ല. ക്രൂഡോയില്‍ വില ബാരലിന് 70 ഡോളര്‍ കടന്നിട്ടും പമ്പ് ഉടമകള്‍ക്കു ലഭിക്കുന്ന കമ്മീഷനില്‍ കഴിഞ്ഞ മാറ്റമില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധനവിലയില്‍ വലിയ വര്‍ധനവുണ്ടായതോടെ രാജസ്ഥാനും മധ്യപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 100 രൂപ കടന്നിട്ടുണ്ട്. ഡീസല്‍ വില രാജ്യത്ത് എല്ലായിടത്തും 80 രൂപ കടന്നതോടെ ചരക്കുനീക്കത്തിനുള്ള ചെലവും വര്‍ധിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ചേര്‍ന്ന് ഒരു വര്‍ഷം ഇന്ധനനികുതിയിനത്തില്‍ 5.5 ലക്ഷം കോടിയോളം നേടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സര്‍ക്കാരുകള്‍ക്ക് രണ്ടര ലക്ഷം കോടി രൂപയോളം നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു വിഷയത്തില്‍ നിലപാട് സ്വീകരിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് വ്യക്തമാക്കുന്നത്.
സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്ത് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബിനീഷ് ബാസ്റ്റിന്. നിരവധി ആരാധകര്‍ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കഴിഞ്ഞു. സാമൂഹ്യ വിഷയങ്ങളിലെല്ലാം ശക്തമായ നിലപാടുകളുമായി സോഷ്യല്‍ മീഡിയായില്‍ സജീവമാണ് ബിനീഷ്.






