
ബ്രിട്ടീഷ് ആഢംബര പ്രീമിയം വാഹന നിര്‍മാതാക്കളായ ബെന്റ്ലി ബെന്റേഗ എസ്യുവിയുടെ ഏറ്റവും പുതിയ പതിപ്പിനെ പുറത്തിറക്കി. വാഹനത്തിന്റെ എക്സ്ഷോറൂം വില 4.10 കോടി രൂപയാണ്. ഇപ്പോള്‍ ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ സെയില്‍സ് ടീം വഴി വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചെന്നാണ് റിപ്പോർട്ട്.
വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളുള്ള ഒരു വലിയ ചതുരാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്‍ മുന്‍വശത്ത് ലഭിക്കുന്നു. സൈഡ് ബോഡിയിലെ ശക്തമായ വരികള്‍ ബെന്റേഗയുടെ മസ്കുലര്‍ ഭാവം കൂട്ടുന്നു. വലിയ ബൂട്ട് ക്രീസും ഇരട്ട എക്സ്ഹോസ്റ്റ് ടെയില്‍ പൈപ്പുകളും ബോണറ്റിന് ചുവടെയുള്ള V8 എഞ്ചിനും, സ്ലിം ഓവല്‍ ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും വാഹനത്തിന്റെ സവിശേഷതയാണ്.
വാഹനത്തിന് 4.0 ലിറ്റര്‍ ഫ്യുവല്‍-ഗസ്ലിംഗ് V8 എഞ്ചിനാണ് ലഭിക്കുന്നത്. ഈ യൂണിറ്റ് 542 bhp കരുത്തും 770 Nm ടോർക്കും ആണ് നല്‍കുന്നത്. എല്ലാ ടയറുകളിലേക്കും കരുത്ത് എത്തിക്കാൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഒരുങ്ങുന്നു. 4.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗതയും വാഹനം കൈവരിക്കുന്നു. യുഎസ്ബി-സി ഡാറ്റ പോര്‍ട്ടുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 100 മില്ലീമീറ്റര്‍ വരെ വര്‍ദ്ധിച്ച ലെഗ് റൂം എന്നിവ പിന് സീറ്റ് യാത്രക്കാര്‍ക്കായി ഒരുങ്ങുന്നു.






