ഹ്യുണ്ടേയ് നിർമിക്കുന്ന 7 സീറ്റ് എസ്യുവി അൽക്കസറിന്റെ ആദ്യ പ്രദർശനം ഏപ്രിൽ 6ന് നടക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി അവസാനമാണ് ഹ്യുണ്ടേയ് പുതിയ വാഹനത്തിന്റെ പേര് വെളിപ്പെടുത്തിയത്. ക്രെറ്റയെ അടിസ്ഥാനപ്പെടുത്തി ആണ് അൽക്കസറിന്റെ നിർമാണം. രാജ്യാന്തര വിപണിയ്ക്കായി ഇന്ത്യയിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനം മേയ് മാസത്തിൽ വിപണിയിലെത്തുമെന്നാണ് സൂചന.
2021 ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയാണ് എതിരാളികൾ. മധ്യകാലഘട്ടത്തിലെ ഒരു തരം മൂറിഷ് കോട്ട അല്ലെങ്കിൽ കൊട്ടാരത്തിന്റെ പേരാണ് അൽക്കസർ.ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വിശാലവും, ദൃഢതയും കൈമുതലായ അൽക്കസർ എസ്യുവി ഒരുങ്ങുന്നതെന്ന് ഹ്യൂണ്ടേയ് അവകാശപ്പടുന്നു. അൽക്കസർ എന്ന പേര് ഉപയോഗിക്കാനുള്ള അവകാശത്തിനായി 2020 ഏപ്രിൽ 13-ന് ഹ്യുണ്ടായ് അപേക്ഷ സമർപ്പിച്ചിരുന്നു. കിയ സെല്റ്റോസിനും ഹ്യുണ്ടേയ് ക്രെറ്റയ്ക്കും അടിസ്ഥാനമാകുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും അൽക്കസർ നിർമിക്കുന്നത്.
ഹ്യൂണ്ടേയ് അൽക്കസറിലും 113 ബിഎച്ച്പി പവറും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ, 113 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നിർമിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നീ എൻജിനുകൾ തന്നെയാവും ലഭിക്കുക. ക്രെറ്റയിൽ നിന്നും വ്യത്യസ്തമായ വലിപ്പം കൂടിയ ഗ്രിൽ, നീളം കൂടിയ ബോഡി പാനലുകൾ, റീഡിസൈൻ ചെയ്ത ടെയിൽ ലാമ്പും, പിൻ ബമ്പറുകളും അൽക്കസറിൽ ഉൾപ്പെടും.






