
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ ഇന്ത്യയിൽ താങ്കളുടെ ആദ്യ വാഹനം സി5 എയർക്രോസ്സ് എസ്യുവി അവതരിപ്പിക്കാൻ പോകുന്നതായി റിപ്പോർട്ട്. വാഹനത്തിന്റെ ബുക്കിംഗ് ഈ മാസം ആരംഭിച്ചിരുന്നു. ഈ മിഡ്-സൈസ് എസ്യുവിയുടെ അവതരണം ഏപ്രിൽ 7-നുണ്ടാകും എന്ന് കമ്പനി വ്യക്തമാക്കി. ആദ്യഘട്ടം 10 ഡീലർഷിപ്പുകളിലൂടെയാണ് സി5 എയർക്രോസ്സ് വിപണിയിലെത്തുക എന്നാണ് റിപ്പോർട്ട്.
മൈന്റെനൻസ് പാക്കേജും സിട്രോൺ സൗജന്യമായി നൽകുന്നുണ്ട്. ഏപ്രിൽ 6 വരെ സിട്രോൺ സി5 എയർക്രോസ്സ് ബുക്ക് ചെയ്യുന്നവർക്ക് 5 വർഷം/50,000 കിലോമീറ്റർ സൗജന്യ മൈന്റെനൻസ് പാക്കേജ് ലഭിക്കും. റിപ്പോർട്ട് അനുസരിച്ചു സർവീസ് ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന പാർട്സുകളും സൗജന്യ മൈന്റെനൻസ് പാക്കേജിന്റെ ഭാഗമാണ്. എന്നാൽ, വാഹനം ബുക്ക് ചെയ്യുന്നവർ ജൂൺ 30നുള്ളിൽ സി5 എയർക്രോസ്സ് ഡെലിവറി എടുത്താലേ ഈ ഓഫർ ലഭിക്കു.
സിട്രോൺ സി5 എയർക്രോസ്സ് എസ്യുവി ഫീൽ, ഷൈൻ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വിപണിയിലെത്തും. ഏകദേശം 30 ലക്ഷത്തിനടുത്ത് വാഹനത്തിന് വില പ്രതീക്ഷിക്കാം. പേൾ വൈറ്റ്, കുമുലസ് ഗ്രേ, ടിജുക്ക ബ്ലൂ, പെർല നെറാ ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് സിട്രോൺ സി5 എയർക്രോസ്സ് വാങ്ങാൻ സാധിക്കുക. എക്സ്റ്റീരിയറിലെ ചുവപ്പ് ഹൈലൈറ്റുകൾ, വലിപ്പമേറിയ ഗ്രിൽ, ഹെഡ്ലാംപ് ക്ലസ്റ്റർ എന്നിവ സിട്രോൺ സി5 എയർക്രോസിൽ നൽകിയിട്ടുണ്ട്.
18.6 കിലോമീറ്റർ ആണ് ലിറ്ററിന് സി5 എയർക്രോസ്സ് നൽകുന്ന ഇന്ധനക്ഷമത എന്ന് സിട്രോൺ അവകാശപ്പെടുന്നത്. ഇന്ത്യയ്ക്കായുള്ള സി5 എയർക്രോസ്സിൽ 177 എച്ച്പി പവറും 400 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0-ലിറ്റർ ഡീസൽ എഞ്ചിനാണ് ലഭിക്കുക. 8-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഈ എൻജിൻ ബന്ധിപ്പിക്കുക. 4500 മില്ലീമീറ്റർ നീളവും 2099 മില്ലീമീറ്റർ വീതിയും 1710 മില്ലീമീറ്റർ ഉയരവുമുള്ള 5 സീറ്റർ എസ്യുവിയാണ് സി5 എയർക്രോസ്സ്.






