പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബ്രിട്ടീഷ് ആഢംബര പ്രീമിയം വാഹന നിർമാതാക്കളായ ബെന്റ്ലി. വരുന്ന മാർച്ച് 23-ന് നടക്കാനിരിക്കുന്ന അരങ്ങേറ്റത്തിന് മുന്നോടിയായി ആണ് ടീസർ എത്തിയത്.
കമ്പനി സോഷ്യൽ മീഡിയയിലൂടെയാണ് മോഡലിന്റെ ടീസർ വീഡിയോയും ചിത്രവും പങ്കുവെച്ചിരിക്കുന്നത്. ബ്രാൻഡിന്റെ 101 വർഷം പഴക്കമുള്ള ചരിത്രത്തിലെ ഏറ്റവും ചലനാത്മകമായ റോഡ് കാറായിരിക്കും 2021 ബെന്റ്ലി കോണ്ടിനെന്റൽ ജിടി സ്പീഡ് എന്നതാണ് ശ്രദ്ധേയമാകുന്നത്. ഡാർക്ക് ഗൺമെറ്റൽ ഗ്രേ കളർ ഓപ്ഷനായിരിക്കും മൂന്നാംതലമുറ മോഡലിന് ബ്രിട്ടീഷ് കമ്പനി സമ്മാനിക്കുകയെന്നാണ് ടീസർ ചിത്രം വ്യക്തമാക്കുന്നത്.
വാഹനത്തിന്റെ ഒരു മികച്ച എക്സ്ഹോസ്റ്റ് നോട്ടും ടീസറിൽ കാണാം. നിലവിലെ കോണ്ടിനെന്റൽ ജിടി ആഢംബര കാറിന് 626 bhp കരുത്തിൽ 900 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന ട്വിൻ-ടർബോ W12 എഞ്ചിനാണ് ഉള്ളത്. പുതിയ മോഡലിൽ 650 bhp പവറിൽ കൂടുതൽ ഔട്ട്പുട്ട് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്. ആഢംബര കാറിന്റെ ഇന്റീരിയറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല.






