
ടാറ്റ മോട്ടോഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജാഗ്വർ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനം ഐ-പെയ്സ് എസ്യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. S, SE, HSE എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമായ ഐ-പെയ്സിന് യഥാക്രമം 1.05 കോടി, 1.08 കോടി, 1.12 കോടി എന്നിങ്ങനെയാണ് എക്സ്-ഷോറൂം വില. 5 വർഷത്തെ സർവീസ് പാക്കേജ്, 8 വർഷം / 1.60 ലക്ഷം കിലോമീറ്റർ ബാറ്ററി വാറന്റി, 5 വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, 7.4 കിലോവാട്ട് എസി വാൾ ബോക്സ് ചാർജർ എന്നിവ സഹിതമാണ് ഓരോ പതിപ്പുകൾക്കും ഈ വില എന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ ജാഗ്വർ ഐ-പെയ്സ് EV400 പവർട്രെയിൻ ഓപ്ഷനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 90kWh ലിഥിയം-അയോൺ ബാറ്ററിയുള്ള ഇരട്ട ഇലക്ട്രിക്ക് മോട്ടോറുകളാണ് ഈ പതിപ്പിൽ. 394 ബിഎച്ച്പി പവറും 696 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ നാല് വീലുകളിലേക്കും പവർ എത്തിക്കുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ ആണ് ടോപ് സ്പീഡ്. പെർഫോമൻസ് എസ്യുവിയായ ഐ-പെയ്സിന് വെറും 4.8 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ കൈവരിക്കാൻ സാധിക്കും.
ഐ-പെയ്സിന് 4682 മില്ലീമീറ്റർ നീളവും, 2011 മില്ലീമീറ്റർ വീതിയും, 1566 മില്ലീമീറ്റർ ഉയരവുമുണ്ട്. 174 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 2990 മില്ലിമീറ്റർ വീൽ ബേസുമുണ്ട്. സാന്റോറിനി ബ്ലാക്ക്, ഫ്യൂജി വൈറ്റ്, കാൽഡെറ റെഡ്, യുലോംഗ് വൈറ്റ്, ഇൻഡസ് സിൽവർ, ഫിറെൻസ് റെഡ്, സീസിയം ബ്ലൂ, ബോറാസ്കോ ഗ്രേ, ഈഗർ ഗ്രേ, പോർട്ടോഫിനോ ബ്ലൂ, ഫറല്ലോൺ പേൾ ബ്ലാക്ക്, അരൂബ എന്നീ 12 നിറങ്ങളിൽ ജാഗ്വർ ഐ-പെയ്സ് ലഭ്യമാണ്. ഹണികോംപ് പാറ്റേർണിലുള്ള ഗ്രിൽ, ജാഗ്വർ വാഹനങ്ങളുടെ മുഖമുദ്രയായ മുൻപിലേക്ക് ഒഴുകിയിറങ്ങുന്ന ബോണറ്റ്, സ്റ്റൈലിഷ് ആയ എൽഇഡി ഹെഡ്ലാംപ്, വീതിയേറിയ എയർഡാം, 19-ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ എന്നിവയാണ് ഐ-പെയ്സിന്റെ എക്സ്റ്റീരിയറിലെ ഫീച്ചറുകൾ.






