ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ ആദ്യ സ്മാർട്ട് വാച്ചും കമ്പനി പുറത്തിറക്കി. വൺപ്ലസ് വാച്ച് എന്ന പേരുമായി ആണ് സ്മാർട്ട് വാച്ച് വിപണിയിലെത്തിയിരിക്കുന്നത്. മൂൺലൈറ്റ് സിൽവർ, മിഡ്നെറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. വൺപ്ലസ്സ് സ്മാർട്ട് വാച്ചിന് 16,999 രൂപയാണ് വില എങ്കിലും ഇൻട്രൊഡക്ടറി ഓഫർ എന്ന നിലയ്ക്ക് ഇപ്പോൾ 14,999 രൂപ മാത്രമാണ് (അൽപ കാലത്തേക്ക്). പുത്തൻ സ്മാർട്ട് വാച്ചിന് ഏതൊരു പരമ്പരാഗത വാച്ചിനും സമാനമായ ഡിസൈൻ ആണ്.
46 എംഎം വലിപ്പമുള്ള സ്റ്റൈൻലെസ്സ് സ്റ്റീൽ കെയ്സിൽ ആണ് വൺപ്ലസ് വാച്ച് ലഭിക്കുക.വൺപ്ലസ് വാച്ചുകൾ അടുത്ത മാസത്തിന്റെ തുടക്കത്തോടെ ആമസോൺ വെബ്സൈറ്റ് വഴിയും ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും വാങ്ങാം. ഓപ്പോ വാച്ച് (14,990 രൂപ), റിയൽമി വാച്ച് (5,999 രൂപ), ഷഓമി വാച്ച് (9,999 രൂപ) എന്നിവയാണ് വൺപ്ലസ് വാച്ചിന്റെ എതിരാളികൾ.
വൺപ്ലസ് വാച്ചിന് 454 × 454 പിക്സൽ റെസല്യൂഷനുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. വൺപ്ലസ് വാച്ച് ഉപയോഗിക്കുന്നത് അമേസ്ഫിറ്റ് വാച്ചുകൾക്ക് സമാനമായി RTOS സ്റ്റൈൽ സോഫ്റ്റ്വെയർ ആണ്. സ്മാർട്ട് വാച്ചിനെ വൺപ്ലസ് ടിവിയുമായി ബന്ധിപ്പിക്കാനും റിമോട്ട് ആയി ഉപയോഗിക്കാനും കഴിയും. ഒരു പരിധി വരെ പൊടി, വെള്ളം എന്നിവ പ്രതിരോധിക്കുന്ന ഐപി 68 റേറ്റിംഗ് വൺപ്ലസ് വാച്ചിനുണ്ട്.
എയർ പ്രഷർ മോണിറ്ററിംഗ്, സ്ലീപ്പ് മോണിറ്ററിംഗ്, ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്ററിംഗ് തുടങ്ങിയ ഫീച്ചറുകൾ വൺപ്ലസ് വാച്ചിൽ ഒരുക്കിയിട്ടുണ്ട്. ജോഗിംഗ്, നടത്തം, ഓട്ടം, മാരത്തൺ, ഔട്ട്ഡോർ സൈക്ലിംഗ്, ഇൻഡോർ സൈക്ലിംഗ്, ഫ്രീസ്റ്റൈൽ പരിശീലനം, നീന്തൽ എന്നിങ്ങനെ 110 വർക്ക് ഔട്ട് മോഡുകളും വൺപ്ലസ് വാച്ചിൽ ലഭ്യമാണ്. വൺപ്ലസ് വാച്ചിന് 402 എംഎഎച്ച് ബാറ്ററിയാണ്.






