
കോട്ടയം: ചിരിക്കുന്ന ചിത്രമുള്ള ബോര്‍ഡ് നാടൊട്ടുക്കും സ്ഥാപിച്ചാല്‍ മാത്രം വോട്ട് വീഴില്ല, ചിത്രത്തിനൊപ്പമുള്ള വാക്കുകളില്‍ വോട്ടര്‍മാരുടെ കണ്ണുടക്കണം. പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന ഏജന്‍സികളും തല പുകഞ്ഞാലോചിച്ചാണു പോസ്റ്ററുകളിലെയും ബാനറുകളിലെയും കുറിക്കുകൊള്ളുന്ന തലവാചകങ്ങള്‍ കുറിക്കുന്നത്.
യു.ഡി.എഫിനു സംസ്ഥാന വ്യാപകമായി നാടു നന്നാവാന്‍ യു.ഡി.എഫ്. എന്ന വാചകമാണ് ഉപയോഗിക്കുന്നത്. ഓരോ മണ്ഡലത്തിലും ഇതിനു മാറ്റം വരുത്തിയതും പുതിയവയും ഉപയോഗിക്കുന്നു. ഉറപ്പാണ് എല്‍.ഡി.എഫ്. എന്നതാണു എല്‍.ഡി.എഫിന്റെ വാക്യം. വികസന പദ്ധതികളിലൂന്നിയാണു എന്‍.ഡി.എയുടെ പ്രചാരണം.
മണ്ഡലവുമായി ചേര്‍ന്നു നില്ക്കുന്ന വാചകങ്ങളാണു മിക്ക സ്ഥാനാര്‍ഥികളും ഉപയോഗിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. എന്‍. ജയരാജിന്റെ ബോര്‍ഡുകളില്‍ കരുത്താണ്, കാഞ്ഞിരപ്പള്ളിയുടെ കരുതലാണ് എന്നതാണു നോട്ടമുറപ്പിക്കുന്ന വാക്യം.
കടുത്തുരുത്തിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മോന്സിന്റെ ബോര്‍ഡുകളില്‍ പകരക്കാരനില്ലാത്ത കടുത്തുരുത്തിക്കാരന്‍ എന്ന വാക്യം ഉപയോഗിച്ചു കടുത്തുരുത്തിയുമായുള്ള ആത്മബന്ധം വോട്ടര്‍മാരെ ഉറപ്പിക്കണം. വീണ്ടും വരണം വികസനം എന്ന വാക്യത്തിലൂടെ മണ്ഡലത്തിലെ അഞ്ചു വര്‍ഷം മുമ്പത്തെ വികസന പ്രവര്‍ത്തനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണു കോട്ടയത്തെ യു.ഡി.എഫ്.സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
വികസനത്തിനു, സമൂഹമൈത്രിക്ക് എന്ന വാക്യത്തിലൂടെ സാമൂഹ്യ സേവന രംഗത്തെ തന്റെ ചിത്രം കൂടി വരച്ചുകാട്ടാന്‍ ശ്രമിക്കുകയാണ് ഏറ്റുമാനൂരിലെ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി വി.എന്‍. വാസവന്. പാലാ എന്ന വികാരം ഉണര്ത്തിയാണു പാലായിലെ യു.ഡി.എഫ്, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ ബോര്‍ഡുകള്‍.
ചങ്കാണു പാല എന്നു ബോര്‍ഡുകളില്‍ ചേര്‍ത്തു മാണി സി.കാപ്പന് ചിരിക്കുമ്പോള്‍ വീണ്ടും ഉയരങ്ങളിലേക്ക് എന്ന വാക്യത്തിലൂടെ പാലായേയും കെ.എം. മാണിയെയും ഓര്‍മിപ്പിക്കുന്നു ജോസ് കെ.മാണി.
മണ്ഡലത്തിന്റെ പേരിലൂന്നിയാണു പൂഞ്ഞാറിലെ മൂന്നു സ്ഥാനാര്‍ഥികളുടെയും പ്രചാരണം.
കര്‍ഷക പുത്രന്, പൂഞ്ഞാറിന്റെ മകന് എന്നു പറഞ്ഞു പി.സി. ജോര്‍ജ് മുന്നേറുമ്പോള്‍, പൂഞ്ഞാര്‍ നന്നാകാന്‍ യു.ഡി.എഫ് എന്ന കൊള്ളിക്കുന്ന വാക്കാണു സ്ഥാനാര്‍ഥി ടോമി കല്ലാനിയുടേത്. ഹൃദയത്തിലാണു പൂഞ്ഞാര്‍ എന്ന വാക്കിനൊപ്പം ചിരിക്കുന്ന മുഖവുമായാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മണ്ഡലം നിറയുന്നത്.
ഹൃദയത്തിലാണു പുതുപ്പള്ളിയെന്നതാണു പുതുപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ പ്രചാരണവാക്യം. നാട്യവും നാടകവും നമ്മുക്കുവേണ്ട എന്നതാണു എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ പ്രചാരവാക്യം. ചങ്ങനാശേരിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.ജെ. ലാലിയ്ക്കത് വികസനോന്മുഖ ഭാവിയ്ക്കു നിസ്വാര്‍ഥ സേവകനും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജോബ് മൈക്കിളിനത് നമ്മുടെ ചങ്ങനാശേരി നമ്മുടെ ജോബുമാണ്.



