ഹ്യുണ്ടായി പുതിയ ഏഴ് സീറ്റര്‍ മോഡലായ അല്‍കാസറിന്റെ ഡിസൈന്‍ സ്കെച്ച് പുറത്തുവിട്ടു. ഹ്യുണ്ടായി ക്രെറ്റയുടെ ഏഴ് സീറ്റര്‍ പതിപ്പാകുന്ന ഈ വാഹനം ഡിസൈനിങ്ങിലും ക്രെറ്റയോട് സമാനമാണ്. വാഹനത്തിന്റെ മുന്‍ഭാഗം ക്രെറ്റയ്ക്ക് സമാനമായിരിക്കുമെന്ന് നിര്‍മാതാക്കള്‍ മുമ്പ് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ വശങ്ങളുടെയും പിന്‍ഭാഗത്തിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
പുതുമയുള്ള പിന്‍ഭാഗവും ഡി-പില്ലറുമാണ് അല്‍കാസറില്‍ ലഭിക്കുന്നത്. റിയര്‍ സ്പോയിലര്‍, റാപ്പ് എറൗണ്ട് ടെയ്ല്‍ലാമ്പ്, ടെയ്ല്ഗേറ്റിന്റെ മധ്യഭാഗത്തേക്ക് മാറിയിട്ടുള്ള നമ്പര്‍ പ്ലേറ്റ്, സ്കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് സ്കെച്ചില്‍ നല്‍കിയിട്ടുള്ളത്. അലോയി വീലുകള്‍ ഉള്‍പ്പെടെയുള്ളവ ക്രെറ്റയ്ക്ക് സമാനമാണെന്നാണ് ചിത്രം നല്കുന്ന സൂചന. വാഹനത്തിന്റെ വീല്‍ബേസ് ഉയര്‍ത്തിയിട്ടുണ്ട്.
ക്രെറ്റയ്ക്ക് സമാനമായ ഫീച്ചറുകളാണ് അല്‍കാസറിൽ. റിപ്പോർട്ട് അനുസരിച്ച് ആറ് സീറ്റര്‍ പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റും, ഏഴ് സീറ്റ് ഓപ്ഷനില്‍ ബെഞ്ച് സീറ്റുമായിരിക്കും നല്‍കുക. ബ്ലൂലിങ്ക് കണക്ടഡ് കാര്‍ ടെക്നോളജി, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എ.സി, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍ തുടങ്ങിയവ അകത്തളത്തില്‍ നല്‍കും. ക്രെറ്റയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും ഈ വാഹനത്തിലും. പെട്രോള്‍ എന്ജിന് 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഡീസല്‍ എന്ജിന് 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും സൃഷ്ടിക്കുക. ഈ വാഹനങ്ങളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകൾ ലഭിക്കും.






