
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് 2019 അഗസ്റ്റിലാണ് സെൽറ്റോസ് എസ്യുവിയുമായി ഇന്ത്യൻ വിപണിയിലെത്തിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ സെൽറ്റോസിന്റെ പരിഷ്കരിച്ച പതിപ്പ് കൂടുതൽ ഫീച്ചറുകളുമായി എത്തി. ഈ വർഷം ഏപ്രിലിലും പരിഷ്കരിച്ച സെൽറ്റോസ് ഒരുക്കുന്നുണ്ട് കിയ മോട്ടോർസ് എന്നാണ് റിപ്പോർട്ട്.
ഏപ്രിൽ 27-ന് കിയ മോട്ടോർസ് ഒരു പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്. പുത്തൻ സെൽറ്റോസ് ആണ് ഇതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇത് ഫീച്ചറുകൾ നിറഞ്ഞ 2021 സെൽറ്റോസ് ആയിരിക്കും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാനരോമിക് സൺറൂഫ് എന്ന ഫീച്ചറോടെയാണ് പുതിയ സെൽറ്റോസ് എത്തുക. കിയ മോട്ടോർസ് ചൈനയിൽ വിൽക്കുന്ന സെൽറ്റോസ് പതിപ്പിൽ പാനരോമിക് സൺറൂഫ് ഉണ്ട്. പാനരോമിക് അല്ലാത്ത സൺറൂഫ് മാത്രമായിരുന്നു ഇന്ത്യയിൽ വിൽക്കുന്ന സെൽറ്റോസിലെ ഉയർന്ന പതിപ്പുകളിൽ ഇത്രയും കാലം ലഭ്യമായിരുന്നത്.
ഹ്യുണ്ടേയ് ക്രെറ്റ, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹിന്ദ്ര എക്സ്യുവി500, ജീപ്പ് കോമ്പസ് എന്നീ എസ്യുവികളാണ് പ്രധാന എതിരാളികൾ. 2021 കിയ സെൽറ്റോസിൽ സുരക്ഷാ, സൗകര്യങ്ങൾ, കണക്ടിവിറ്റി, ഡിസൈൻ എന്നീ വിഭാഗങ്ങളിലായി പരിഷ്കാരങ്ങൾ പ്രതീക്ഷിക്കാം. കിയ മോട്ടോഴ്സിന്റെ പുത്തൻ ലോഗോ ആണ് മറ്റൊരു പ്രധാന ആകർഷണം. പുത്തൻ ലോഗോ കഴിഞ്ഞ വർഷമാണ് കിയ മോട്ടോർസ് ആഗോളവിപണിയിൽ അവതരിപ്പിച്ചത്. 2021 സെൽറ്റോസിലൂടെയാണ് ഈ ലോഗോ ഇന്ത്യൻ വിപണിയിലെത്തുക. പുതിയ നിറങ്ങൾ 2021 സെൽറ്റോസ് ശ്രേണിയിൽ കിയ മോട്ടോർസ് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
1.5-ലീറ്റർ സ്മാർട്ട് സ്ട്രീം പെട്രോൾ, 1.5-ലീറ്റർ സിആർഡിഐ ഡീസൽ, 1.4-ലീറ്റർ സ്മാർട്ട്സ്ട്രീം ടർബോ-പെട്രോൾ എന്നീ 3 എൻജിൻ ഓപ്ഷനുകളാണ് കിയ സെൽറ്റോസിന്. ഈ മൂന്ന് എൻജിനുകളും BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക്, 7-സ്പീഡ് ഡിസിടി, ഐവിടി എന്നിങ്ങനെ നാലു ട്രാൻസ്മിഷനുകൾ ഓപ്ഷനുകളുമുണ്ട്.






