ബോളിവുഡ് താരം അനില്‍ കപൂര്‍ പിറന്നാള്‍ സമ്മാനമായി ഭാര്യക്ക് ഒരു കോടിയുടെ ആഡംബര എസ്.യു.വി. നല്‍കിയതായി റിപ്പോർട്ട്. മെഴ്സീഡസ് ബെന്‍സ് ജി.എല്‍.എസ്. ആണ് അദ്ദേഹം ഭാര്യ സുനിത കപൂറിന് നൽകിയത്. കൂടാതെ, ഭാര്യക്കൊപ്പമുള്ള ഫോട്ടോയും ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
മെഴ്സിഡസ് ബെന്‍സ് കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച ജി.എല്‍.എസ്. മോഡലാണ് താരം വാങ്ങിയത്. മെഴ്സിഡസ് എസ്.യു.വികളിലെ ഫ്ളാഗ്ഷിപ്പ് മോഡലായാണ് ജി.എല്‍.എസ് അറിയപ്പെടുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി രണ്ട് വേരിയന്റുകളില്‍ ഈ വാഹനം ലഭ്യമാണ്. 1.04 കോടി രൂപയാണ് എക്സ്ഷോറൂം വില. ഈ വാഹനം 2013 മുതലാണ് പ്രാദേശികമായി നിര്‍മിച്ച് തുടങ്ങിയത്.
ഈ എസ്.യു.വിക്ക് കരുത്തേകുന്നത് 3.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ്. 2925 സി.സി. ആറ് സിലിണ്ടര്‍ ഡീസല്‍ എന്ജിന് 330 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 367 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമേകുന്നതാണ് മൂന്ന് ലിറ്റര്‍ പെട്രോള്‍ എന്ജിന്. പെട്രോള്‍ എൻജിൻ മോഡലില്‍ 22 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും ഒരുങ്ങുന്നു.






