ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജിന്റെ പള്‍സറിന്റെ 220 മോഡല്‍ പുത്തന്‍ വര്‍ണങ്ങളില്‍ എത്തുന്നു. പുത്തന്‍ വര്‍ണങ്ങളിലുള്ള പള്‍സര്‍ 220 എഫ് ഇപ്പോൾ മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങള്‍ക്കൊപ്പം ബോള്‍ഡ് ആയിട്ടുള്ള ഗ്രാഫിക്സും നല്‍കിയാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. ഇതോടൊപ്പം ബോഡി ഡിസൈനിലും നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ 220 എഫ് എത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
പള്‍സര്‍ 220 എഫിന്റെ മുന്‍ മോഡലുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമാണ് അലോയി വീലുകളില്‍ നല്‍കിയിട്ടുള്ള റിം ടേപ്പ്. പുതിയ നിറത്തിനൊപ്പം നല്‍കിയിട്ടുള്ള ഗ്രാഫിക്സ് പെട്രോള്‍ ടാങ്കിലെ വലിയ ഭാഗത്തിലും കാണാം. ടാങ്കില്‍ നല്‍കിയിട്ടുള്ള ഗ്രാഫിക്സിന്റെ തുടര്‍ച്ച ഹെഡ്ലൈറ്റ് കൗളിലേക്കും നൽകിയിരിക്കുന്നു. മുന്നിലെ ഫെന്‍ഡര്‍, ടെയ്ല് സെക്ഷന്‍ എന്നിവിടങ്ങളിലും ഗ്രാഫിക്സ് സ്റ്റിക്കറുകളുടെ സാന്നിധ്യം ഉണ്ട്.
ഈ ബൈക്കിലെ ചില പാര്‍ട്സുകള്‍ ഒരുക്കിയിട്ടുള്ളത് ഫോക്സ് കാര്‍ബണ്‍ ഉപയോഗിച്ചാണ്. വശങ്ങളിലെ പാനലുകള്‍, മുന്നിലെ ഫെന്‍ഡര്‍, എന്ജിന് കൗള്‍, റിയര്‍ ടെയ്ല് സെക്ഷന്‍ എന്നിവയാണ് ഫോക്സ് കാര്‍ബണില്‍ ഒരുങ്ങുന്നത്. കറുപ്പ് നിറമാണ് എന്ജിന്, ഹാന്‍ഡില്‍ ബാര്‍, അലോയി വീലുകള്‍, ഗ്രാബ് റെയില്‍ എക്സ്ഹോസ്റ്റ്, ഹീറ്റ് ഷീല്‍ഡ്, സസ്പെന്ഷന് എന്നിവയ്ക്ക് ലഭിക്കുന്നത്. മെക്കാനിക്കല്‍ ഫീച്ചറുകളിൽ മാറ്റമില്ല. 220 സി.സി. ഓയില്‍ കൂള്‍ഡ് ട്വിന്‍ സ്പാര്‍ക്ക്, ഡി.ടി.എസ്-ഐ എഫ്.ഐ. എന്‍ജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. 20.4 പി.എസ്. പവറും 18.55 എന്‍.എം. ടോര്‍ക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ട്രാന്സ്മിഷന്.






