
ഫിറ്റ്നസ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് എംഐ ബാൻഡ് 6 പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഷവോമി. മാർച്ച് 29ന് നടക്കാനിരിക്കുന്ന മെഗാ ലോഞ്ച് ഇവന്റിൽ ആയിരിക്കും ഇത് ഷവോമി അവതരിപ്പിക്കുക. ട്വിറ്ററിലൂടെയാണ് എംഐ ബാൻഡ് 6ന്റെ ലോഞ്ച് തിയ്യതി ഷവോമി സ്ഥിരീകരിച്ചത്. ഷവോമി എംഐ 11 പ്രോ, എംഐ 11 അൾട്ര, എംഐ മിക്സ് സീരീസ് സ്മാർട്ട്ഫോണുകൾ ഈ പരിപാടിയിൽ ലോഞ്ച് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പുതിയ #എംഐസ്മാർട്ട്ബാൻഡ് 6ന് നിങ്ങൾ തയ്യാറാണോ? നിങ്ങളുടെ പുതിയ വ്യായാമ പദ്ധതികൾ തയ്യാറാക്കാൻ സമയമായി! മാർച്ച് 29 ന് 19:30 മണിക്ക് ഷവോമി 2021 പ്രൊഡക്ട് ലോഞ്ച് മിസ് ചെയ്യരുത്. എന്നാണ് ഷവോമി ട്വീറ്റിൽ കുറിച്ചത്. ഇന്റർനെറ്റിൽ എംഐ ബാൻഡ് 6ന്റെ ഒരു ലൈവ് ഇമേജ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് പ്രകാരം ഫിറ്റ്നസ് ട്രാക്കർ എംഐ ബാൻഡ് 5ന്റെ അതേ കാപ്സ്യൂൾ ഡിസൈനുമായിട്ടാണ് പുതിയ ബാൻഡും എത്തുന്നത്. ഇതിനൊപ്പം ഒരു മാഗ്നറ്റിക് ചാർജറും ചിത്രത്തിൽ കാണാം.
ബ്ലഡ് ഓക്സിജൻ ലെവൽ ഡിറ്റക്ഷൻ (എസ്പിഒ 2 മോണിറ്ററിംഗ്) പോലുള്ള എംഐ ബാൻഡ് 5ൽ ഇല്ലാത്ത ചില പ്രധാന ഫീച്ചറുകളോടെയാണ് എംഐ ബാൻഡ് 6 പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ഷവോമിയുടെ പ്രൊഡക്റ്റ് മാർക്കറ്റിംഗ് മേധാവിയും ആഗോള വക്താവുമായ അബി ഗോയും എംഐ ബാൻഡ് 6ന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. സ്മാർട്ട് ബാൻഡ് ഒരു കറുത്ത കേസിലാണ് ഉള്ളത് എന്ന് ഇതിൽ കാണാം. മാത്രമല്ല, വ്യത്യസ്തമായ സ്ട്രാപ്പ് കളറുകളാണ് ഈ ബാൻഡിൽ ഉള്ളത്. എംഐ സ്മാർട്ട് ബാൻഡ് 6 എന്ന പേരിലായിരിക്കും എംഐ ബാൻഡ് 6 ആഗോളതലത്തിൽ വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ട്.






