ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ബെന്റ്ലി മോട്ടോഴ്സ് ഇതുവരെയായി രണ്ട് ലക്ഷം യൂണിറ്റ് കാറുകള്‍ നിർമ്മിച്ചെന്ന് റിപ്പോർട്ട്. 102 വര്‍ഷം പഴക്കമുണ്ട് കമ്പനിയുടെ ചരിത്രത്തിന്. ഈ കാലയളവിലാണ് ഇത്രയും ആഡംബര കാറുകള്‍ പിറന്നത്. റിപ്പോർട്ട് പ്രകാരം ചൈനീസ് ഉപയോക്താവിനായി നിര്‍മിച്ച ബെന്റയ്ഗ ഹൈബ്രിഡ് കാറാണ് രണ്ട് ലക്ഷമെന്ന എണ്ണം തികച്ചിരിക്കുന്നത്. ഈ കാര്‍ ബെന്റ്ലിയുടെ ക്രൂ പ്ലാന്റിലെ പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് അടുത്തിടെയാണ് പുറത്തെത്തിച്ചത്.
ക്രൂ പ്ലാന്റില്‍ 2003 മുതല്‍ നിര്‍മിച്ച 1,55,582 വാഹനങ്ങളിലെ ഏറ്റവും പുതിയവനാണ് ബെന്റയ്ഗ ഹൈബ്രിഡ്. ഇതേ വര്‍ഷത്തിലാണ് ആധുനിക ബെന്റ്ലിയുടെ ആദ്യ മോഡലായ കോണ്ടിനെന്റല് ജിടി പുറത്തിറക്കിയത്. പ്രതിദിനം 85 കാറുകളാണ് നിലവില്‍ ബെന്റ്ലി നിര്‍മിക്കുന്നത്. എന്നാൽ, രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രതിമാസമാണ് ഇത്രയും കാറുകള്‍ നിര്‍മിച്ചിരുന്നത്.
ആകെയുള്ള രണ്ട് ലക്ഷം വില്പ്പനകളില് എണ്‍പതിനായിരത്തോളം കാറുകള്‍ കോണ്ടിനെന്റല് ജിടി മാത്രമാണെന്ന് ബെന്റ്ലി മോട്ടോഴ്സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അഡ്രിയാന്‍ ഹാള്‍മാര്‍ക്ക് പറഞ്ഞു. 80,000 എണ്ണം തികഞ്ഞ കോണ്ടിനെന്റല് ജിടി ഈ വര്‍ഷം ജനുവരിയിലാണ് നിര്‍മിച്ചതെന്നാണ് റിപ്പോർട്ട്. ബെന്റ്ലി സ്ഥാപിതമായ 1919 മുതല്‍ 2002 വരെ 44,418 ആഡംബര കാറുകളാണ് കമ്പനി നിര്‍മിച്ചത്. ക്രൂ പ്ലാന്റിലായിരുന്നു ഇതില്‍ 38,933 എണ്ണവും. ആര് ടൈപ്പ് കോണ്ടിനെന്റല്, മുല്‍സാന്‍, ബെന്റ്ലി ബ്ലോവര്‍, അര്ണാഷ്, അസൂര്‍ തുടങ്ങി അന്നത്തെ പല പ്രശസ്ത മോഡലുകളും 44,418 യൂണിറ്റ് കാറുകളില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോർട്ട്.






