2021 സിബിആർ650ആർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട. കംപ്ലീറ്റ്ലി നോക്ക്ട് ഡൗൺ യൂണിറ്റ് ആയി വിപണിയിലെത്തിച്ചിരിക്കുന്ന പുത്തൻ ഹോണ്ട സിബിആർ650ആറിന് 8.88 ലക്ഷം ആണ് എക്സ്-ഷോറൂം വില. ബിഎസ്4 സിബിആർ650ആറുമായി താരതമ്യം ചെയ്യുമ്പോൾ 2021 പതിപ്പിന് 1.18 ലക്ഷം രൂപ കൂടുതലാണ്.
ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ 2021 സിബിആർ650ആർ സ്വന്തമാക്കാം. മുംബൈ (മഹാരാഷ്ട്ര), ഗുരുഗ്രാം (ഹരിയാന), ബെംഗളൂരു (കർണാടക), ഇൻഡോർ (മധ്യപ്രദേശ്), കൊച്ചി (കേരളം), ഹൈദരാബാദ് (തെലങ്കാന) എന്നിവിടങ്ങളിലെ ഹോണ്ടയുടെ ബിഗ്-വിങ് ടോപ്പ്ലൈൻ ഡീലർഷിപ്പുകൾ വഴിയാണ് 2021 സിബിആർ650ആറിനായുള്ള ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.
ഭാരത് സ്റ്റേജ് 6 മലിനീകരണ നീയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 648.72 സിസി, ഇൻലൈൻ ഫോർ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ആണ് 2021 സിബിആർ650ആറിൽ ഉള്ളത്. ഈ എൻജിൻ 12,000 ആർപിഎമ്മിൽ 85.8 ബിഎച്ച്പി കരുത്തും 8,500 ആർപിഎമ്മിൽ 57.5 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ആറ് സ്പീഡ് ഗിയർബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സിബിആർ650ആറിൽ അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് സംവിധാനവും ഉണ്ട്.
ഒരു എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫുൾ-എൽഇഡി ലൈറ്റിംഗ്, 4-1 സൈഡ് സ്വീപ്പ് എക്സ്ഹോസ്റ്റ്, ഷോവ സെപ്പറേറ്റ് ഫംഗ്ഷൻ-ബിഗ് പിസ്റ്റൺ (എസ്എസ്എഫ്-ബിപി) യുഎസ്ഡി മുൻ ഫോർക്കുകൾ, മുൻവശത്ത് ഡ്യുവൽ ഡിസ്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, മോണോ-ഷോക്ക് റിയർ സസ്പെൻഷൻ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയാണ് സൂപ്പർസ്പോർട്ട് ബൈക്കിലെ പ്രധാന ഫീച്ചറുകൾ. സുരക്ഷയ്ക്കായി എമർജൻസി സ്റ്റോപ്പ് സിഗ്നൽ ഫീച്ചറും, ഹോണ്ട ഇഗ്നിഷൻ സെക്യൂരിറ്റി സിസ്റ്റവും ലഭ്യമാണ്.






