ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷന്‍ ഇനി പരിസ്ഥിതി സൗഹൃദ റൂട്ടുകളും നൽകും. ഇതിന്റെ ഭാഗമായി അന്തരീക്ഷ മലിനീകരണം കുറഞ്ഞ, ട്രാഫിക് കുറഞ്ഞ, കയറ്റങ്ങള്‍ കുറവുള്ള റൂട്ടുകള്‍ ആയിരിക്കും കൂടുതലായി സജസ്റ്റ് ചെയ്യുക. യുഎസില്‍ ഈ ഫീച്ചര്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകും. ഇതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലും ഈ ഫീച്ചർ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോർട്ട്.
നിലവില്‍ യുഎസ് സര്‍ക്കാരിന്റെ നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലാബില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ഗൂഗിള്‍ മാപ്പ് യുഎസില്‍ പുതിയ പരിസ്ഥിതി സൗഹൃദ റൂട്ടുകൾ ഉള്‍പ്പെടുത്തുക. ഗൂഗിള്‍ മാപ്പില്‍ ഇനി യാത്രക്കാര്‍ക്ക് യഥാര്‍ത്ഥ റൂട്ടും ഇക്കോ ഫ്രണ്ട്ലി റൂട്ടും തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. വ്യത്യസ്തങ്ങളായ വാഹനങ്ങള്‍, റോഡുകള്‍ എന്നിവയെല്ലാം പരീക്ഷണത്തിന്റെ ഭാഗമായേക്കും.
ഇതിന് പുറമെ, ഗൂഗിള്‍ മാപ്പില്‍ ഇനി കാലാവസ്ഥാ കേന്ദ്രീകൃതമായ മാറ്റങ്ങളും കൂടുതലായി ഉള്‍പ്പെടുത്തും. ഈ വർഷം ജൂണ്‍ മുതല്‍ ഗൂഗിള്‍ മാപ്പ് ഡ്രൈവര്‍മാര്‍ക്ക് ലോ എമിഷന്‍ സോണുകളെക്കുറിച്ചുള്ള വിവരങ്ങളും നല്‍കുമെന്നാണ് സൂചന. ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, സ്പെയിന്,യുകെ അടക്കമുള്ള രാജ്യങ്ങള്‍ ഇത്തരം ഏരിയകളില്‍ ചില വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.






