ഫോക്സ്വാഗണ് ടൈഗുന്‍ മിഡ്സൈസ് എസ്യുവി ഇന്ത്യയില്‍ അനാവരണം ചെയ്തു. ടാറ്റ ഹാരിയര്‍, ഹ്യുണ്ടായ് ക്രെറ്റ, എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ്, സ്വന്തം ഗ്രൂപ്പില്‍നിന്ന് വരാനിരിക്കുന്ന സ്കോഡ കുശാക്ക് എന്നിവയാണ് ഫോക്സ്വാഗണ് ടൈഗുന്‍ എസ്യുവിയുടെ എതിരാളികള്‍. ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായി ഫോക്സ്വാഗണ് ബ്രാന്‍ഡില്‍ അവതരിപ്പിക്കുന്ന ഉല്‍പ്പന്നമാണ് ടൈഗുന്‍. ഈ പ്രോജക്റ്റില്‍ വരുന്ന മറ്റൊരു മോഡല്‍ സ്കോഡ കുശാക്ക് എസ്യുവിയാണ്.
എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്ഫോമിലാണ് ഫോക്സ്വാഗണ് ടൈഗുന്‍ നിര്‍മിക്കുന്നത്. ഫോക്സ്വാഗണ് ടൈഗുന്‍ 93 ശതമാനത്തിലധികം തദ്ദേശീയ ഉള്ളടക്കത്തോടെയാണ് വരുന്നത്. 2020 ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ ഉല്‍പ്പാദനത്തിന് തയ്യാറായ ഫോക്സ്വാഗണ് ടൈഗുന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴത്തെ പ്രൊഡക്ഷന്‍ മോഡല്‍ അന്നത്തെ മോഡലിന് ഏകദേശം സമാനമാണ്.
1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയായിരിക്കും എന്ജിന് ഓപ്ഷനുകള്‍ എന്നാണ് സൂചന. സ്റ്റാന്‍ഡേഡായി 6 സ്പീഡ് മാന്വല്‍ ട്രാന്സ്മിഷന് രണ്ട് എന്‍ജിനുകളുമായും ഘടിപ്പിക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി എന്നിവ ഓപ്ഷണലുകളായി ലഭിച്ചേക്കും. എല്‍ഇഡി ടെയ്ല് ലാംപുകള്‍ ‘സി’ ആകൃതിയില്‍ എസ്യുവിയുടെ മുഴുവന്‍ വീതിയിലുമായി ഒരുങ്ങുന്നു, നടുവില്‍ വിഡബ്ല്യു ബാഡ്ജ്, ഉയരത്തില്‍ സ്ഥാപിച്ച സ്റ്റോപ്പ് ലാംപ്, ഇന്റഗ്രേറ്റഡ് സ്പോയ്ലര്, ഷാര്‍ക്ക് ഫിന് ആന്റിന, ബൂട്ട് ലിഡിന് പുറത്ത് ജിടി ബാഡ്ജ്, ‘ടൈഗുന്‍’ എഴുത്ത്, സ്കിഡ് പ്ലേറ്റ് സഹിതം ക്രോം ബംപര്‍ എന്നിവ പിറകിലെ ഫീച്ചറുകളാണ്.






