അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടിയില്ലാത്ത നേതാവാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇടതു മുന്നണിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ സര്‍ക്കാരിന്റെ ചില നടപടികളെ വിമര്‍ശിക്കാനും കാനം മടിച്ചില്ല. സി.പി.ഐ. സംസ്ഥാന സെക്രട്ടറി സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്ന പ്രതിപക്ഷ ആരോപണം വകവയ്ക്കാതെ മുന്നോട്ടുപോയ കാനം ഇത്തവണ മത്സരരംഗത്തില്ല. മൂന്നുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി മാനദണ്ഡം തനിക്കും ബാധകമാണെന്ന് പറയുമ്പോള്‍ നിലപാടുകളുടെ വ്യക്തതയാണ് അദ്ദേഹം പകര്‍ന്നു നല്‍കുന്നത്. കാനം മംഗളത്തോടു സംസാരിക്കുന്നു.
ഇടതു മുന്നണി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന ഉറച്ച വിശ്വാസത്തിലാണോ ?
ഇടതു മുന്നണി തീര്‍ച്ചയായും വീണ്ടും അധികാരത്തില്‍ വരും. കേരളത്തിലെ ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നു. പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തി. ഓരോ പരിപാടിയിലും പങ്കെടുക്കുന്ന ജനങ്ങളുടെ പങ്കാളിത്തം എല്‍.ഡി.എഫിനോടുള്ള വിശ്വാസം വ്യക്തമാക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് എന്നിങ്ങനെ വിവിധ ആരോപണങ്ങളുടെ മുള്മുനകള് തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ ശക്തമാകുകയാണ്. ആദ്യമുണ്ടായിരുന്ന ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ടോ?
ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആക്ഷേപങ്ങളും ആരോപണങ്ങളും നിരവധിയുണ്ടാകും. അതു സര്‍വസാധാരണമാണ്. പക്ഷെ, ഞങ്ങള്‍ അതിനൊന്നും ശ്രദ്ധ കൊടുക്കുന്നില്ല. മറ്റേതൊരു സര്ക്കാരിനുമില്ലാത്ത മികച്ച ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കാനും അവയെല്ലാം പ്രചരിപ്പിക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കേരളം നിരവധി പ്രതിസന്ധികള്‍ ഈ ഭരണകാലത്ത് നേരിട്ടു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ യാതൊരു സഹായവും കേരളത്തിനു നല്‍കിയില്ല. അതും ജനങ്ങളെ അറിയിക്കുന്നുണ്ട്. എല്ലാ പ്രതിസന്ധിയിലും ഇടതു സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോകുകയായിരുന്നു. അതേ ആത്മവിശ്വാസം ഇപ്പോഴുമുണ്ട്. അങ്ങനെയുള്ള സര്‍ക്കാരിനോടൊപ്പം ജനം എപ്പോഴുമുണ്ടാകും.
ഇ.ഡി പോലുള്ള കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനു ചുറ്റും കറങ്ങി നടക്കുകയാണ്. ഇതിലെല്ലാം രാഷ്ട്രീയ താല്പര്യമുണ്ടോ?
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന ഭൂരിഭാഗം കേസുകളിലും സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ല. സ്വര്‍ണക്കടത്തും കസ്റ്റംസ് പിടിക്കാത്തതുമൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. സ്വര്‍ണം അയച്ചയാളെയും കൈപ്പറ്റിയവരെയും ഇതുവരെ പിടികൂടിയിട്ടില്ല. ചിലരെല്ലാം മാപ്പുസാക്ഷികളായി പുറത്തിറങ്ങുന്നു. അവസാനം കണ്ടുനിന്നവരൊക്കെ പ്രതികളാകുന്ന സാഹചര്യമാണ്. ഈ കേസുകളിലെല്ലാം സംസ്ഥാന സര്‍ക്കാരിനെ എവിടെയെങ്കിലും പ്രതിയാക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെതിരേ യാതൊരു തെളിവും ശേഖരിക്കാന്‍ അവര്‍ക്കായില്ല.
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയ സാധ്യത എത്രത്തോളമാണ്?
എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി അവരുടെ വോട്ടു വിഹിതം വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ 35 സീറ്റു കിട്ടിയാല്‍ അധികാരം പിടിക്കുമെന്ന ബി.ജെ.പി നേതാക്കളുടെ അഭിപ്രായത്തിന്റെ ഗണിതശാസ്ത്രം മനസിലാകുന്നില്ല. അവര്‍ എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മത്സരം നടക്കുന്നത് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്.
ബി.ജെ.പിയുമായി വോട്ടു കച്ചവടം നടത്തുകയാണെന്ന് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്കെതിരേ ആരോപണം ഉയരാറുണ്ട്. അങ്ങനെ നടക്കാറുണ്ടോ ?
ഇടതു മുന്നണിക്കെതിരേ ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിനു നല്‍കുകയാണെന്ന പരാതിയാണ് സത്യം. അങ്ങനെയുണ്ടെന്നതിനു തെളിവുണ്ട്. അതില്‍ പ്രധാന തെളിവാണ് കെ.ജി മാരാരുടെ ആത്മകഥ. എങ്ങനെയാണ് വോട്ടു കച്ചവടം നടക്കുന്നതെന്ന് അതില്‍ വിശദമായി പറയുന്നുണ്ട്. താന്‍ ജയിച്ചത് കോണ്‍ഗ്രസ് വോട്ട് ഒഴുകിയെത്തിയതു കൊണ്ടാണെന്ന് ഇപ്പോള്‍ ഒ. രാജഗോപാല്‍ തന്നെ പറഞ്ഞു. കമ്മ്യൂണിസ്റ്റു വിരുദ്ധ നിലപാടിന്റെ ഭാഗമായാണ് ബി.ജെ.പി., യു.ഡി.എഫിനോടൊപ്പം ചേരുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് ബി.ജെ.പിയുടെ മുദ്രാവാക്യമെങ്കിലും കേരളത്തില്‍ ഇടതുപക്ഷ മുക്ത കേരളമാണ് അവരുടെ ലക്ഷ്യം. അതു കേരളത്തില്‍ ഒരിക്കലും നടക്കില്ല. കാരണം കേരളത്തിലെ ജനങ്ങള്‍ ഇടതു മുന്നണിയുമായി അത്രയേറെ അടുത്തു നില്‍ക്കുന്നവരാണ്.
ബി.ജെ.പി. ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ കേരളത്തില്‍ നേടുമെന്നു കരുതുന്നുണ്ടോ ?
അങ്ങനെയൊരു അത്യാഗ്രഹം അവര്‍ക്കുണ്ടെങ്കിലും അതു നടക്കില്ല. നിലവിലുള്ള നേമം സീറ്റില്‍ കോണ്‍ഗ്രസ് അവരുടെ സ്വന്തം വോട്ടുകള്‍ പിടിച്ചാല്‍ എല്‍.ഡി.എഫ്. ജയിക്കുമെന്ന് എല്ലാ പാര്‍ട്ടിക്കാര്‍ക്കും അറിയാം.
ബി.ജെ.പി. കേരളത്തില്‍ ഒരിക്കലും ഭൂരിപക്ഷം നേടില്ലെന്ന അഭിപ്രായമാണോ പാര്‍ട്ടിക്കുള്ളത് ?....
കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാബോധം, മതനിരപേക്ഷതയിലെ വിശ്വാസം എന്നിവയൊക്കെ അതിനെ തടസപ്പെടുത്തും. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനത്തെ വിഭജിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. മതാധിഷ്ഠിത രാജ്യമാണ് അവരുടെ സങ്കല്‍പ്പം. എന്നാല്‍, കേരളത്തില്‍ നിലവിലുള്ള 40 ശതമാനത്തോളം മതന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതയുടെയോ, അല്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെടുന്ന സമീപനങ്ങള്ക്കൊപ്പമോ നില്ക്കാന് തയാറാകില്ല. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുള്ള ശക്തമായ സ്വാധീനവും ബി.ജെ.പിയെ തടയും. അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് കേരളത്തിലെ പൊതുബോധം ബി.ജെ.പിയുടെ സങ്കുചിത താല്പര്യത്തിലേക്കു പോകാന്‍ അനുവദിക്കില്ല.
തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ലൗ ജിഹാദും പ്രചരണ വിഷയമാണ്. കേരളത്തില്‍ വര്‍ഗീയത പ്രചരണ വിഷയമാകുന്നത് എങ്ങനെയാണു കാണുന്നത് ?
സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞ വിഷയമാണത്. രാജ്യത്തെ മുഖ്യധാരാ പാര്‍ട്ടികളും ലൗ ജിഹാദിനെ തള്ളിയതാണ്. ഭരണഘടന നല്കുന്ന അവകാശങ്ങള്‍ പോലും സമൂഹത്തിന് ലഭിക്കരുതെന്നു കരുതുന്ന മതമൗലികവാദികളാണ് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് രാജ്യത്ത് മതാചാര പ്രകാരമോ അല്ലാതെയോ ഒരുമിക്കാനും ഒരുമിച്ചു കഴിയാനും നിയമപ്രകാരം സ്വാതന്ത്ര്യമുണ്ട്. അതിനെതിരേ വര്‍ഗീയ താല്പര്യങ്ങള്ക്കു വേണ്ടി ചിലര്‍ കൊണ്ടുവരുന്നതാണത്. അതിനെ ജനാധിപത്യ, രാഷ്ട്രീയ മതേതര കക്ഷികളൊന്നും പിന്തുണച്ചിട്ടില്ല. മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന രാജ്യമാണിത്. ലൗ ജിഹാദ് ആരോപണം മതാന്ധതയുടെ പ്രതീകമാണ്.
കഴിഞ്ഞ ദിവസം പാലാ നഗരസഭയില്‍ സി.പി.എം- കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇത്തരം പ്രവണതകള്‍ മുന്നണി ബന്ധങ്ങളെ ബാധിക്കില്ലേ ?
വളരെ നിര്‍ഭാഗ്യകരമായ സംഭവമാണത്. ആവര്‍ത്തിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണു നടന്നത്.
ഇടതു മുന്നണിയിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ വരവ് ദീര്‍ഘകാലത്തേക്കു ഗുണം ചെയ്യുമെന്നു കരുതുന്നുണ്ടോ ?.....
38 വര്‍ഷമായി മാറിനിന്നവര്‍ എല്‍.ഡി.എഫാണു ശരിയെന്നു വിശ്വസിച്ചു വന്നതാണ്. അവര്‍ ഉറച്ചു നില്ക്കുമെന്നു തന്നെയാണ് വിശ്വാസം. ഇപ്പോള്‍ അവര്‍ ഇടതു മുന്നണിയുടെ ഭാഗമാണ്.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൂര്‍ണ തൃപ്തനാണോ ?...
തൃപ്തനാണ്. ആദ്യഘട്ടത്തില്‍ തന്നെ അതു പൂര്‍ത്തിയാക്കിയത് ഇടതു മുന്നണിയാണ്. എന്നാല്‍, കേരളത്തിന്റെ പ്രത്യേകത അവസാനലാപ്പില്‍ യു.ഡി.എഫ്. ഒപ്പമെത്തുമെന്നതാണ്. മറ്റു മാധ്യമങ്ങളുടെ സഹായത്തോടെയാണ് അവര്‍ ഒപ്പമെത്തുന്നത്.
ഇരട്ടവോട്ട് വിവാദമാണ് ഇപ്പോള്‍ കേരളത്തില്‍ കൂടുതലായി ഉയരുന്നത്. ഈ വിഷയത്തില്‍ ഇടതു മുന്നണിക്കു പരാതിയില്ലേ ?.....
ഈ വിഷയത്തില്‍ പൂര്‍ണ ഉത്തരവാദി തെരഞ്ഞെടുപ്പു കമ്മിഷനാണ്. പരാതി നല്കാന് ആദ്യഘട്ടത്തില്‍ കമ്മിഷന് അവസരം നല്‍കിയിരുന്നു. എല്ലാവരും അതു പൂര്‍ണമായി വിനിയോഗിച്ചില്ല. ഇരട്ടവോട്ടുള്ളവരെ മാറ്റണമെന്നാവശ്യപ്പെട്ട് നല്കിയ നിരവധി പരാതികള്‍ ഇതുവരെ കമ്മിഷന് പരിഹരിച്ചിട്ടില്ല. ഇതെല്ലാം കമ്മിഷന്റെ വീഴ്ചയാണ്. ഞങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികള്‍ വോട്ടര്‍ പട്ടിക കൃത്യമായി പരിശോധിച്ചിട്ടുമില്ല.
രണ്ടു പ്രാവശ്യം എം.എല്‍.എയായി. ഇനി മത്സരരംഗത്തേക്ക് ഇല്ലെന്നു തീരുമാനിച്ചിട്ടുണ്ടോ ?.....
രണ്ടു പ്രാവശ്യം എം.എല്‍.എ ആയെങ്കിലും മൂന്നു പ്രാവശ്യം മത്സരിച്ചിരുന്നു. മൂന്നുതവണ മത്സരിച്ചവര്‍ ഇനി മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. അതുകൊണ്ടാണു മാറിനിന്നത്. പാര്‍ട്ടി നിര്‍ദേശം എല്ലാവര്ക്കും ബാധകമാണ്. പാര്‍ലമെന്ററി രംഗത്തേക്ക് ഇനിയില്ലെന്ന സ്വന്തം തീരുമാനവുമുണ്ട്.
2016 ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം എട്ടു മാവോയിസ്റ്റുകളെയാണ് വെടിവച്ചു കൊന്നത്. ശരിയായ നടപടിക്രമങ്ങളായിരുന്നോ അവ ?
ഉണ്ടാകാന്‍ പാടില്ലാത്ത നടപടികളായിരുന്നു അവയെല്ലാം. വ്യാജ ഏറ്റുമുട്ടലുകള്‍ ആയിരുന്നെന്ന് ആക്ഷേപമുണ്ട്. എല്ലാ സംഭവങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലതെല്ലാം മജിസ്റ്റീരിയല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഇടതുനയത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും നില്‍ക്കണം. അതില്‍ വേര്തിരിവുണ്ടായാല് ഞങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കും.





