
കോട്ടയം : മൂന്നു പതിറ്റാണ്ടായി പി.സി. ജോര്‍ജിന്റെ പേരുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പൂഞ്ഞാര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇരുമുന്നണികളെയും വെട്ടി കഴിഞ്ഞ തവണ പൂഞ്ഞാര്‍ തനിച്ചുപിടിച്ച് ജോര്‍ജ് വീണ്ടും താരമായി. ഇക്കുറി മത്സരം ചതുഷ്കോണമായതോടെ പൂഞ്ഞാറില്‍ ആരുടെ പൂഴിക്കടകനായിരിക്കും വിജയിക്കുക എന്നതു പ്രവചിക്കവയ്യ.
ഏഴു തവണ പൂഞ്ഞാറില്‍നിന്നു നിയമസഭയിലെത്തിയ പി.സി. ജോര്‍ജ് ജനപക്ഷം സ്ഥാനാര്‍ഥിയായി ഇക്കുറിയും ഒറ്റയ്ക്കു മത്സരിക്കുമ്പോള്‍ പൂഞ്ഞാറിലേക്ക് ആറു പതിറ്റാണ്ടിനുശേഷം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എത്തുകയാണ് - മണ്ഡലത്തെ അടുത്തറിയുന്ന കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. പി.സി. ജോര്‍ജിലേക്കു വോട്ട് ചോര്‍ന്ന് കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തായ എല്‍.ഡി.എഫ്, ആ വോട്ടുകള്‍ തിരിച്ചെത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ്. എന്‍.ഡി.എയ്ക്കു വേണ്ടി എം.പി. സെന്‍ സജീവമായി മത്സരരംഗത്തുണ്ട്.
കൂടുതല്‍ തവണ വലത്തേക്ക്, ഇടയ്ക്കിടെ ഇടത്തേക്ക്, വേണ്ടിവന്നാല്‍ രണ്ടു മുന്നണികളെയും വിറപ്പിക്കും. ഇതാണു പൂഞ്ഞാര്‍ മണ്ഡലത്തെ കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തമാക്കുന്നത്. ഇടതായാലും വലതായാലും കൂടുതല്‍ തവണ കേരളാ കോണ്‍ഗ്രസിനെ വിജയിപ്പിച്ചിട്ടുള്ള മണ്ഡലത്തില്‍ പലപ്പോഴും നടന്നിരുന്നതു കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു. വലതു കോട്ടയെന്നാണു വിശ്വാസമെങ്കിലും ഇതിനു മുമ്പ് കോണ്‍ഗ്രസിനു മത്സരിക്കാന്‍ കഴിഞ്ഞത് 1957ലും 1960ലും മാത്രമാണ്.
1980ലും 82 ലും പിന്നീട് 1996 മുതല്‍ തുടര്‍ച്ചയായും പി.സി. ജോര്‍ജാണു വിജയി. കഴിഞ്ഞ തവണയൊഴികെ, വിവിധ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലായി മുന്നണികള്‍ മാറിമാറിയായിരുന്നു ഈ വിജയങ്ങളെല്ലാം. 2016ല്‍ കേരള ജനപക്ഷമെന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി ഇടത്-വലത് മുന്നണികളെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി.
കാഞ്ഞിരപ്പളളി മണ്ഡലത്തിന്റെ ഭാഗമായിരുന്ന മുണ്ടക്കയം, എരുമേലി , പാറത്തോട് പഞ്ചായത്തുകള്‍കൂടി 2011-ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ പൂഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗമായി. ഈരാറ്റുപേട്ട നഗരസഭയും പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട്, കൂട്ടിക്കല്‍, മുണ്ടക്കയം, പാറത്തോട്, എരുമേലി, കോരുത്തോട് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു പൂഞ്ഞാര്‍ നിയോജകമണ്ഡലം. ഇതില്‍ ഈരാറ്റുപേട്ട, നഗരസഭയും കോരുത്തോട്, തീക്കോയി പഞ്ചായത്തുകളുമൊഴികെ ഭരണം ഇടതുമുന്നണിക്കാണ്. അതിനാല്‍ ഇക്കുറി അട്ടിമറി വിജയം നേടാനാവുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി ഇവിടെ മൂന്നാംസ്ഥാനത്തായിരുന്നു. ഇത്തവണ ജോസ് കെ. മാണി വിഭാഗത്തിന്റെ കടന്നുവരവ് പ്രയോജനം ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. കൈപ്പത്തി ചിഹ്നഹ്നത്തില്‍ സ്വന്തം സ്ഥാനാര്‍ഥി മത്സരിക്കുന്നതിന്റെ ആവേശം കോണ്‍ഗ്രസ് ക്യാമ്പുകളിലുണ്ട്. രാഷ്ട്രീയ ബലാബലത്തില്‍ നാലു പേരും വിജയം അവകാശപ്പെടുമ്പോഴും പൂഞ്ഞാര്‍ മണ്ഡലത്തില്‍ അടുത്തയിടെ രൂപപ്പെട്ട ജാതി - മത സമവാകങ്ങളായിരിക്കും വിജയിയെ നിശ്ചയിക്കുക.
ഷാലു മാത്യു






