
തിരുവനന്തപുരം: ഒരു തവണ
നേമത്ത് എം.എൽ.എയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും ഒ. രാജഗോപാൽ എംഎൽഎ. നേമത്തെ ബിജെപിയുടെ സിറ്റിങ് എം.എൽ.എയാണ് രാജഗോപാൽ. ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് നേമം. നിർണായകമായ വോട്ടെടുപ്പ് ദിവസമാണ് നേമത്തെ സംബന്ധിച്ച് രാജഗോപാൽ തണുപ്പൻ പ്രതികരണം നടത്തിയതെന്നതും ശ്രദ്ധേയമാണ്.
രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തിൽ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേമത്ത് കെ.മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏർപ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി.
പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് മുരളീധരൻ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.






