ടാറ്റ മോട്ടോഴ്സിന്റെ കോംപാക്ട് എസ് യു വിയായ നെക്സോൺ ഇവി രാജ്യത്ത് ഏറ്റവും മികച്ച വിൽപ്പന നേടുന്ന വൈദ്യുത വാഹന(ഇ വി)മെന്ന് റിപ്പോർട്ട്. നെക്സോൺ ഇ വി 2020 ജനുവരി 28നാണ് അരങ്ങേറിയത്. വാഹനത്തിന് മികച്ച സ്വീകാര്യതയാണ് ഇന്ത്യൻ വാഹന വിപണിയിൽ ലഭിച്ചതെന്നാണു സൂചന.
കണക്കുകൾ പ്രകാരം നിരത്തിലെത്തി ഏഴു മാസത്തിനകം 2020 ഓഗസ്റ്റ് 18ന് ‘നെക്സൻ ഇ വി’ വിൽപന 1,000 യൂണിറ്റ് പിന്നിട്ടു. 2020 ഡിസംബർ രണ്ടിന് വിൽപന 2,000 യൂണിറ്റ് കടന്നുവെന്നാണ് റിപ്പോർട്ട്. 2021 മാർച്ച് അവസാനവാരമെത്തിയപ്പോൾ വിൽപന 4,000 യൂണിറ്റും പിന്നിട്ടു മുന്നേറുകയാണ്. ഇന്ത്യൻ കാർ വിപണി പൊതുവെ വൈദ്യുത വാഹനങ്ങളോടു പ്രത്യേകിച്ച് ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ല, എന്നാൽ, അരങ്ങേറ്റം കഴിഞ്ഞ് 14 മാസത്തിനകമാണ് നെക്സോൺ ഇ വി വിൽപ്പനയിൽ മികച്ച നേട്ടം കൈവരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മാർച്ച് മാസത്തിലും കഴിഞ്ഞ ജനുവരി–മാർച്ച് ത്രൈമാസത്തിലും നെക്സോണിന്റെ കരുത്തിൽ വൈദ്യുത വാഹന വിൽപ്പനയിൽ ടാറ്റ മോട്ടോഴ്സിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. ടാറ്റ മോട്ടോഴ്സ് മാർച്ചിൽ 705 ഇ വി വിറ്റിരുന്നു. 2021 ജനുവരി – മാർച്ച് ത്രൈമാസക്കാലത്ത് 1,711 യൂണിറ്റ് വൈദ്യുത വാഹന വിൽപന നടന്നു. വൈദ്യുത വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതം 64% ഉയർന്നതായി ആണ് റിപ്പോർട്ട്. XM, XZ+, XZ+ ലക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വില്പനക്കെത്തിയിരിക്കുന്ന നെക്സോൺ ഇവിയ്ക്ക് യഥാക്രമം 13.99 ലക്ഷം, 14.99 ലക്ഷം, 15.99 ലക്ഷം എന്നിങ്ങനെയാണ് വില. മൂൺലൈറ്റ് സിൽവർ, ഗ്ലാസിയർ വൈറ്റ് എന്നീ 3 നിറങ്ങളിലാണ് നെക്സോൺ ഇവി വില്പനക്കെത്തിയിരിക്കുന്നത്. ഇലക്ട്രിക്ക് മോട്ടോറിനും, ബാറ്ററി പാക്കിനും 8 വർഷം വാറന്റിയാണ് ടാറ്റ മോട്ടോർസ് നൽകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗയെത്താൻ 9.9 സെക്കൻഡ് മതി നെക്സോൺ ഇവിയ്ക്ക്.






