
ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മാരുതി സുസുക്കി പ്രീമിയം ഹാച്ച്ബാക്ക് ആയ ബലേനോ. ബലേനോ 2015 ഒക്ടോബറിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ബ്രാൻഡിന്റെ പ്രീമിയം നെക്സ ഡീലർഷിപ്പിലൂടെ മാത്രം ആണ് വിൽക്കുന്നത്. വെറും 66 മാസങ്ങൾകൊണ്ട് 9,12,169 യൂണിറ്റ് വിൽപ്പനയാണ് ബലേനോ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.
9 ലക്ഷം വിൽപ്പനയെന്ന നേട്ടത്തിൽ 8,08,303 പെട്രോൾ വേരിയന്റും 1,03,866 ഡീസൽ വേരിയന്റുകളുമാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ആറ് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് താണ്ടുന്ന പ്രീമിയം ഹാച്ച് എന്ന കിരീടവും ബലേനോ മുമ്പ് നേടിയിരുന്നു. ഇത്രയും വിൽപ്പന നേടിയത് വെറും 44 മാസത്തിനുള്ളിലാണ്. തുടർന്ന് 51 മാസത്തിനുള്ളിൽ 7 ലക്ഷം യൂണിറ്റ് വിൽപന കടന്നപ്പോൾ 8 ലക്ഷം എത്താൻ അവിടുന്ന് 10 മാസം മാത്രമാണ് ബലേനോയ്ക്ക് വേണ്ടിവന്നത്. റിപ്പോർട്ട് പ്രകാരം വിപണിയിൽ എത്തിയതിനു ശേഷം പ്രതിമാസ വിൽപ്പന ശരാശരി 13,820 യൂണിറ്റാണ്.
1.2 ലിറ്റർ പെട്രോൾ അല്ലെങ്കിൽ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ബലേനോയ്ക്ക് കരുത്ത്. എഞ്ചിൻ 6,000 rpm-ൽ പരമാവധി 82 bhp കരുത്തും 4200 rpm-ൽ 113 Nm ടോർക്കും ഉത്പാദിപ്പിക്കും. കൂടുതൽ കരുത്തുറ്റ ഒരു ഡ്യുവൽജെറ്റ് എഞ്ചിനും ബലേനോയിൽ തെരഞ്ഞെടുക്കാം. ഇത് 90 bhp പവറും 113 Nm ടോർക്കും വികസിപ്പിക്കും. ഓട്ടോമാറ്റിക് താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു സിവിടി ഓപ്ഷനും ലഭ്യമാണ്.






