
സിട്രോയെന്‍ എന്ന ഫ്രഞ്ച് ബ്രാന്‍ഡ് സി5 എയര്‍ക്രോസ് എസ്യുവി പുറത്തിറക്കി ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രവേശിച്ചു. ഇന്ത്യയിലെ ആദ്യ സിട്രോയെന്‍ മോഡലാണ് സി5 എയര്‍ക്രോസ്. ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ സി5 എയര്‍ക്രോസ് ലഭിക്കും. ഫീല്‍ വകഭേദത്തിന്റെ സിംഗിള്‍ ടോണ്‍ വേരിയന്റിന് 29.90 ലക്ഷം രൂപയും ഡുവല്‍ ടോണ്‍ വേരിയന്റിന് 30.40 ലക്ഷം രൂപയുമാണ് വില.
ഷൈന്‍ എന്ന ടോപ് സ്പെക് വകഭേദത്തിന്റെ സിംഗിള്‍ ടോണ്‍, ഡുവല്‍ ടോണ്‍ വകഭേദങ്ങള്‍ക്ക് 31.90 ലക്ഷം രൂപ ആണ്. എല്ലാം ഡെല്‍ഹി എക്സ് ഷോറൂം വില. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. 50,000 രൂപയാണ് ബുക്കിംഗ് തുക. സികെഡി (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍) രീതിയില്‍ എസ്യുവി ഇന്ത്യയില്‍ നിര്‍മിക്കുകയാണ്. തമിഴ്നാട്ടിലെ പ്ലാന്റിലാണ് തദ്ദേശീയമായി അസംബിള്‍ ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്യുവിയുടെ കരുത്ത് 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 175 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് മാത്രമാണ് ഏക ട്രാന്സ്മിഷന് ഓപ്ഷന്. മുന്‍ ചക്രങ്ങളിലേക്ക് മാത്രമാണ് കരുത്ത് കൈമാറുന്നത്. ഒരു ലിറ്റര്‍ ഇന്ധനം ഉപയോഗിച്ച് 18.6 കിലോമീറ്റര്‍ സഞ്ചരിക്കാം. ‘ഗ്രിപ്പ് കണ്ട്രോള്’ സഹിതം സ്നോ, ഓള് ടെറെയ്ന്‍ ഉള്‍പ്പെടെ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍ ലഭിച്ചു. മാറ്റ് ബ്ലാക്ക് ഫിനിഷ് സഹിതം സവിശേഷ സിട്രോയെന്‍ ഗ്രില്‍ ലഭിച്ചിരിക്കുന്നു. ക്രോമില്‍ തീര്‍ത്ത ബ്രാന്‍ഡ് എംബ്ലങ്ങള്‍ കാണാം. സൈഡ് ബോഡി ക്ലാഡിംഗ്, വീല്‍ ആര്‍ച്ച് ക്ലാഡിംഗ് എന്നിവ കാണാം. പിറകില്‍ റഗഡ് ബംപര്‍ നൽകിയിരിക്കുന്നു. സവിശേഷ എല്‍ഇഡി ട്രീറ്റ്മെന്റ് ലഭിച്ചതാണ് റാപ്പ്എറൗണ്ട് ടെയ്ല്‍ലൈറ്റുകള്‍.
ആറ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്ട്രോള്, ഇഎസ്പി, ഹില്‍ ഡിസെന്റ് കണ്ട്രോള്, ബ്ലൈന്‍ഡ് സ്പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ബ്ലിസ്), ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് കാമറ, ഐസോഫിക്സ് മൗണ്ടുകള്‍, ഓട്ടോമാറ്റിക് ഡോര്‍ അണ്‍ലോക്ക് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ലഭിക്കുന്നു.






