
നോര്‍വേ : കൊറോണ മാനദണ്ഡം ലംഘിച്ച് പിറന്നാള്‍ ആഘോഷം നടത്തിയതില്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രി ഏണ സോള്ബെഗിന് പിഴയിട്ട് പോലീസ്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളില്‍ വീഴ്ച വരുത്തിയതില്‍ 1.76 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്
പ്രധാനമന്ത്രി ഏണ സോള്ബെഗിന്റെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ആഘോഷത്തിനായി കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോര്‍ട്ടില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആഘോഷങ്ങളില്‍ പരമാവധി 10 പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ എന്നാണ് നോര്‍വീജിയയിലെ കൊറോണ ചട്ടം. ഇത് ലംഘിച്ചാണ് പിറന്നാള്‍ ആഘോഷം നടന്നത്. ഇതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
സംഭവം വിവാദമായതോടെ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. 20,000 നോര്‍വീജിയന്‍ ക്രൗണ്‍ ആണ് പ്രധാനമന്ത്രിയ്ക്ക് വിധിച്ച പിഴത്തുക. പോലീസ് മേധാവി ഓലെ സീവേഡാണ് ഇക്കാര്യം അറിയിച്ചത്. സാധാരണയായി ഇത്തരം സംഭവങ്ങളില്‍ പോലീസ് കര്‍ശനമായി പിഴ ചുമത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തിന് മാതൃകയാകേണ്ട പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയതോടെയാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചതെന്ന് പോലീസ് മേധാവി അറിയിച്ചു.






