
സോണി ബ്രാവിയ എക്സ്80ജെ സീരീസ് ടെലിവിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ സീരീസില്‍ 43 ഇഞ്ച് മുതല്‍ 75 ഇഞ്ച് വരെ വലുപ്പമുള്ള സ്മാര്‍ട്ട് ടിവികളാണ് ഉള്‍പ്പെടുന്നത്. റിപ്പോർട്ട് പ്രകാരം നിലവിൽ 65 ഇഞ്ച് മോഡല്‍ മാത്രമായിരിക്കും തത്ക്കാലത്തേക്ക് ലഭിക്കുക. മറ്റ് മോഡലുകള്‍ വൈകാതെ എത്തിയേക്കും. സോണി ബ്രാവിയ എക്സ്80ജെ സീരീസ് ആപ്പിള്‍ ഹോംകിറ്റ് സപ്പോര്‍ട്ട്, 4കെ എച്ച്ഡിആര്‍ ഡിസ്പ്ലേകള്‍, ഡോള്‍ബി വിഷന്‍ എന്നിവയോടെയാണ് വരുന്നത്. ഏകദേശം 1.3 ലക്ഷം രൂപയാണ് സോണി ബ്രാവിയ കെഡി 65എക്സ്80ജെ എന്ന 65 ഇഞ്ച് മോഡലിന് വില. പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ കൊമേഴ്സ് പോര്‍ട്ടലുകളിലും എല്ലാ സോണി സെന്ററുകളിലും ലഭിക്കും.
സോണി ബ്രാവിയ എക്സ്80ജെ സീരീസില്‍ 75 ഇഞ്ച്, 65 ഇഞ്ച്, 55 ഇഞ്ച്, 50 ഇഞ്ച്, 43 ഇഞ്ച് മോഡലുകളാണ് ഉള്‍പ്പെടുന്നത്. ട്രിലുമിനോസ് പ്രോ ഡിസ്പ്ലേ സവിശേഷതയാണ്. എക്സ്1 4കെ എച്ച്ഡിആര്‍ പ്രൊസസറാണ് കരുത്തേകുന്നത്. ഗൂഗിള്‍ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബില്‍റ്റ് ഇന്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭിക്കുന്നു. ഉപയോക്താക്കളുടെ ശബ്ദ നിര്‍ദേശങ്ങള്‍ ശ്രവിക്കുന്നതിന് ഇന്‍ബില്‍റ്റ് മൈക്രോഫോണുകള്‍ ലഭിക്കുന്നു.
ആപ്പിള്‍ ഹോം കിറ്റ്, എയര്‍പ്ലേ സപ്പോര്‍ട്ട് വഴി ആപ്പിള്‍ ഡിവൈസുകള്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍ കഴിയും. സോണി ബ്രാവിയ എക്സ്80ജെ സീരീസ് ഡോള്‍ബി വിഷന്‍, ഡോള്‍ബി ആറ്റ്മോസ് ലഭിച്ചതാണ്. മികച്ച ശബ്ദാനുഭവത്തിനായി എക്സ് ബാലന്‍സ്ഡ് സ്പീക്കര്‍ ഒരുങ്ങുന്നു. സോണിയുടെ ‘എക്സ് പ്രൊട്ടക്ഷന്‍ പിആര്‍ഒ’ സാങ്കേതികവിദ്യ ടിവികളുടെ സവിശേഷതയാണ്. ഈര്‍പ്പം, പൊടി, ഇടിമിന്നല്‍ ആഘാതങ്ങള്‍, വൈദ്യുതി വിതരണത്തിലെ വ്യതിയാനങ്ങള്‍ എന്നിവയില്‍നിന്ന് ഇത് സംരക്ഷിക്കുന്നു. സോണി ബ്രാവിയ കെഡി 65എക്സ്80ജെ എന്ന 65 ഇഞ്ച് മോഡല്‍ ഡയറക്റ്റ് എല്‍ഇഡി ബാക്ക്ലൈറ്റിംഗ്, ഫ്രെയിം ഡിമ്മിംഗ് എന്നിവ സഹിതം 4കെ ഡിസ്പ്ലേ ലഭിച്ചതാണ്. നാല് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഒരു ഹെഡ്ഫോണ് ജാക്ക്, ബ്ലൂടൂത്ത് 4.2, വൈഫൈ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.






