
ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ ഏഴു സീറ്റുള്ള എസ് യു വി ട്രൈബറിന്റെ ഇതുവരെയുള്ള മൊത്തം വിൽപന 75,000 യൂണിറ്റ് പിന്നിട്ടു. 2019 ഓഗസ്റ്റ് 28ന് ആണ് ട്രൈബർ ഇന്ത്യയിൽ അരങ്ങേറ്റം നടത്തിയത്. 21 മാസത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. പെട്രോൾ എൻജിനും മാനുവൽ ട്രാൻസ്മിഷനുമായി നാലു വകഭേദങ്ങളിൽ വിൽപനയ്ക്കെത്തിയ ട്രൈബറിന് 4.95 ലക്ഷം രൂപ മുതൽ 6.49 ലക്ഷം രൂപ വരെയായിരുന്നു ഷോറൂും വില.
33,860 യൂണിറ്റ് വിൽപനയാണു ഓഗസ്റ്റ് മുതൽ 2020 മാർച്ച് 31 വരെയുള്ള കാലത്തിനിടെ ട്രൈബർ നേടിയത്. 74,816 യൂണിറ്റ് വിൽപനയാണ് 2020 - 21 സാമ്പത്തിക വർഷം നേടിയത്. 11,768 ‘ട്രൈബർ’ ആണു കഴിഞ്ഞ ജനുവരി - മാർച്ച് കാലത്ത് റെനോ വിറ്റത്; പ്രതിമാസം ശരാശരി 3,922 യൂണിറ്റും ദിവസേന 126 എണ്ണവും. റിപ്പോർട്ട് പ്രകാരം ഇപ്പോൾ മുക്കാൽ ലക്ഷം തികയാനുള്ള 184 യൂണിറ്റ് ഏപ്രിലിലെ ആദ്യ ദിനങ്ങളിൽ തന്നെ റെനോ വിറ്റഴിച്ചിട്ടുണ്ടാവുമെന്നാണു കണക്കുകൾ പറയുന്നത്.
2021ൽ ട്രൈബർ ആർ എക്സ് സെഡിനു പുത്തൻ ഇരട്ട വർണ സങ്കലനവും റെനോ ലഭ്യമാക്കിയിരുന്നു. ട്രൈബറിന്റെ ഡൽഹിയിലെ ഷോറൂം വില 5.30 ലക്ഷം രൂപ മുതൽ 7.82 ലക്ഷം രൂപ വരെയായി ഉയർത്തുകയും ചെയ്തു. ട്രൈബറിനു കരുത്തേകുന്നത് ക്വിഡിലെ ഒരു ലീറ്റർ (ബി ആർ 10), മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ പരിഷ്കരിച്ച പതിപ്പാണു. എൻജിന് 72 ബിഎച്ച്പിയോളം കരുത്തും 96 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് ലഭിക്കുന്നു.ഈ എൻജിന് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 20 കിലോമീറ്ററാണ്. 100 ബിഎച്ച്പി വരെ കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ടർബോ ചാർജ്ഡ് എൻജിനും ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും (എഎംടി) റെനോ ഭാവിയിൽ അവതരിപ്പിച്ചേക്കും






