
മൊബീല്‍ ഷോപ്പിംഗ് ആപ്പ് ഈ വര്‍ഷം ജൂണ്‍ മാസത്തോടെ നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഇതോടെ ഗൂഗിള്‍ ഷോപ്പിംഗ് ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ലഭിക്കില്ല. എന്നാൽ, ഡെസ്ക്ടോപ്പില് (വെബ്) ഷോപ്പിംഗ് സൗകര്യംലഭിക്കും. ഷോപ്പിംഗ്.ഗൂഗിള്‍.കോം എന്ന വെബ്സൈറ്റ് തുടര്‍ന്നും ആക്റ്റീവ് ആയിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഇനി ഷോപ്പിംഗ് ആപ്പിനെ പിന്തുണയ്ക്കില്ലെന്ന് ഗൂഗിള്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഷോപ്പിംഗ് ടാബില്‍ ആപ്പ് നല്‍കിയിരുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഷോപ്പിംഗ് ടാബ്, ഗൂഗിള്‍ ആപ്പ് ഉള്‍പ്പെടെ മറ്റ് ഗൂഗിള്‍ ഇടങ്ങളിലേക്കായി പുതിയ ഫീച്ചറുകള്‍ നിര്‍മിക്കുന്നത് തുടരുമെന്ന് അറിയിച്ചു. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനും ആളുകൾക്ക് അവരുടെ ഗൂഗിള്‍ എക്കൗണ്ട് ഉപയോഗിച്ച് വാങ്ങാനും കഴിയുന്നതായിരുന്നു ഷോപ്പിംഗ് ആപ്പ്.
ഇമേജ് സെര്‍ച്ച്, സെര്‍ച്ച്, യൂട്യൂബ് എന്നിവിടങ്ങളില്‍ ഷോപ്പിംഗ് സൗകര്യം വിപുലീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഷോപ്പിംഗ് ആപ്പ് നിര്‍ത്താനുള്ള ഗൂഗിളിന്റെ നീക്കം.ഗൂഗിള്‍ ഷോപ്പിംഗ് ആപ്പ് ആമസോണ്‍ പോലുള്ള കമ്പനികള്‍ക്ക് ബദല്‍ എന്ന നിലയിലാണ് നേരത്തെ അവതരിപ്പിച്ചത്. ആപ്പില്‍ വിവിധ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകളാണ് ഉള്ളത്. ഹോം ഫീഡില്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടുമെന്ന് വിശ്വസിച്ച് നിര്‍ദേശിക്കുന്ന ഉല്‍പ്പന്നങ്ങളാണ് നല്‍കിയിരുന്നത്.






