
ബോളിവുഡ് യുവ നടൻ അർജുൻ കപൂർ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി. ഗുണ്ടേയ്, ഔറംഗസേബ്, പാനിപ്പത്ത് തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ ആളുകളുടെ ഹൃദയത്തിൽ കേറിയ നടനാണ് അർജുൻ കപൂർ . ഓഫ്റോഡിങ് പ്രധാന അജണ്ടയായ ഡിഫൻഡർ സ്വന്തമാക്കുന്ന ഒരുപക്ഷെ ബോളിവുഡിലെ ആദ്യ താരം ആവും അർജുൻ കപൂർ. റിപ്പോർട്ട് പ്രകാരം ഒരു കോടിക്കടുത്താണ് ഡിഫൻഡർ സ്വന്തമാക്കാൻ അർജുൻ കപൂർ ചെലവിട്ടത്. 110 എന്ന അഞ്ച് ഡോർ പതിപ്പിന്റെ പങ്കെയ ഗ്രീൻ എന്ന നിറമുള്ള ഡിഫൻഡർ ആണ് അർജുൻ കപൂർ സ്വന്തമാക്കിയത്.
ഡിഫൻഡർ നിലവിൽ 2.0-ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിനിൽ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 300 പിഎസ് പരമാവധി കരുത്തും 400 എൻഎം ടോർക്കും ആണ് ഈ എൻജിൻ വികസിപ്പിക്കുന്നത്. എട്ട്-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. ലാൻഡ് റോവർ ടെറൈൻ റെസ്പോൺസ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകൾക്കും പവർ കൈമാറും. 90-യ്ക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 8.0 സെക്കൻഡും 110-ന് 8.1 സെക്കൻഡും മതി.
ഇതിന് മുമ്പ് 2017-ൽ തന്റെ 32-ാം ജന്മദിനവുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ സ്പോർട്സ് കാർ നിർമ്മാതാക്കളായ മസെരാട്ടിയുടെ ലെവാന്റെ എസ്യുവി അർജുൻ വാങ്ങിയിരുന്നു. മുംബൈയിൽ 1.63 കോടി രൂപയായിരുന്നു വില. നടന്റെ പ്രത്യേക ആവശ്യപ്രകാരം ബ്ലൂ പാഷനെ മിക്ക നിറത്തിലുള്ള ആഡംബര എസ്യുവിയെ മസെരാട്ടി പ്രത്യേകം എത്തിച്ചു നൽകിയെന്നാണ് റിപ്പോർട്ട്. ഓഡി ക്യൂ5, ഹോണ്ട സിആർവി എന്നിവയാണ് അർജുൻ കപൂറിന്റെ ഗ്യാരേജിലെ മറ്റു വാഹനങ്ങൾ.






