ഹോണ്ടയുടെ ഐതിഹാസിക വാഹനങ്ങളില്‍ ഒന്നായ സിവിക് എന്ന പ്രീമിയം സെഡാന്റെ 11-ാം തലമുറയുടെ ആദ്യ ചിത്രങ്ങള്‍ ഹോണ്ട പുറത്തിറക്കി. ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് കഴിഞ്ഞ നവംബറില്‍ അവതരിപ്പിച്ചിരുന്നു. പ്രൊഡക്ഷന്‍ മോഡല്‍ കണ്‍സെപ്റ്റ് മോഡലുമായി പൂര്‍ണമായും നീതി പുലര്‍ത്തിയാണ് എത്തിയിട്ടുള്ളതെന്നാണ് ചിത്രം വ്യക്തമാക്കുന്നത്.
ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് സിവിക്കിന്റെ പുതുതലമുറ മോഡലിന്റെ ചിത്രങ്ങള്‍ മാത്രമാണ്. ഏപ്രില്‍ 28-ാം തിയതി ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ വിവരങ്ങളും മറ്റ് ഫീച്ചറുകളും വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോർട്ട് പ്രകാരം 2022-ഓടെ ആയിരിക്കും സിവിക്കിന്റെ പുതിയ മോഡല്‍ നിരത്തുകളില്‍ എത്തുക. പുതുതലമുറ സിവിക് എപ്പോള്‍ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. പുതിയ മോഡല്‍ രൂപത്തില്‍ മുന്‍തലമുറ സിവിക്കിന് സമാനമാണ്.
സിറ്റിയില്‍ പുതുതലമുറ സിറ്റിയിലേതിന് സമാനമായി വലിപ്പം ഉയര്‍ത്തിയിട്ടുള്ള ഹെഡ്ലൈറ്റ്, എല്‍ ഷേപ്പിലുള്ള എല്‍.ഇ.ഡി. ഡി.ആര്.എല്‍, ബ്ലാക്ക് അവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പ് എന്നിവ പുതുമകളാണ്. മെക്കാനിക്കല്‍ ഫീച്ചറുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. മുന്‍തലമുറ മോഡലില്‍ 1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളാണ് നല്‍കിയിരുന്നത്. രണ്ട് എന്‍ജിനൊപ്പവും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരുന്നു നല്‍കിയിരുന്നത്. പെട്രോള്‍ എന്ജിന് 139 ബി.എച്ച്.പി. കരുത്തും 174 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്ജിന് 118 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും.






