2025 ല്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ അനാവരണം ചെയ്യാനുള്ള ഒരുക്കത്തയിലാണ് ഫെറാറി. കഴിഞ്ഞ കുറച്ചുകാലമായി ഇലക്ട്രിക് വാഹനത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി. ഫെറാറിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ചെയര്മാന് ജോണ്‍ എല്ക്കാന് ആണ് ആദ്യ ഇലക്ട്രിക് കാര്‍ അനാവരണം ചെയ്യുന്ന കാര്യം സ്ഥിരീകരിച്ചത്. ഫെറാറിയുടെ സവിശേഷതയും അഭിനിവേശവും പുതു തലമുറകളിലേക്ക് കൈമാറുന്നതായിരിക്കും തങ്ങളുടെ ആദ്യ പൂര്‍ണ വൈദ്യുത വാഹനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രിക് കാറിന് അനുയോജ്യമായ സാങ്കേതികവിദ്യ കമ്പനി വികസിപ്പിച്ചതായി ആണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം ചോര്‍ന്ന പാറ്റന്റ് വിവരങ്ങള്‍ പ്രകാരം 4 വീല്‍ ഡ്രൈവ്, 2 സീറ്റര്‍ മോഡലിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഫെറാറിയെന്ന് വ്യക്തമാക്കിയിരുന്നു. ഒന്നുവീതം ഇലക്ട്രിക് മോട്ടോര്‍ ഓരോ ചക്രത്തിലും നല്‍കിയേക്കും. "ഇലക്ട്രിക് സാങ്കേതികവിദ്യ തങ്ങളുടെ നിലവാരത്തിന് യോജിച്ച കാര്‍ നിര്‍മിക്കുന്നതിന് അനുവദിക്കുന്നതുവരെ ബാറ്ററി ഇലക്ട്രിക് വാഹനം വിപണിയില്‍ അവതരിപ്പിക്കില്ല," കഴിഞ്ഞ വര്‍ഷം ഫെറാറിയുടെ വാണിജ്യ വിഭാഗം മേധാവി എന്റിക്കോ ഗാലിയേര പ്രസ്താവിച്ചിരുന്നു.
പുതിയ സാങ്കേതികവിദ്യ എത്തിയാൽ വിപണിയില്‍ പുതുതായി എന്തെങ്കിലും അവതരിപ്പിക്കേണ്ടതായി വരുമെന്നും പുതിയ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഫെറാറി ഈ വിധമാണ് എപ്പോഴും പ്രവര്‍ത്തിച്ചതെന്ന് എന്റിക്കോ ഗാലിയേര കൂട്ടിച്ചേർത്തു.






