
പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യ പേപ്പർ വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ച് സ്കൂൾ ഹെഡ്മാസ്റ്റർക്കെതിരെ നടപടി. ഇലവുംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എസ്. സന്തോഷാണ് ചോദ്യപേപ്പർ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടത്.
പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ചോദ്യക്കടലാസ് ഡിഇഒ പത്തനംതിട്ട എന്ന വാട്സാപ് ഗ്രൂപ്പിൽ പങ്കുവക്കുകയായിരുന്നു. കണക്കു പരീക്ഷയുടെ ചോദ്യക്കടലാസാണ് അയച്ചത്.
അന്വേഷണ വിധേയമായി ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തതായി പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചോർന്നതിനാൽ പരീക്ഷ റദ്ദാക്കുമോ എന്നതുൾപ്പടെ ആലോചിച്ചു തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.






