
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സീന് നയം ജനദ്രോഹ പരിഷ്ക്കാരമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സംസ്ഥാനങ്ങള്‍ക്കുമേല്‍ വന്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുമ്പോള്‍ ജനങ്ങളിലേക്ക് പരമാവധി വാക്സിന് എത്തിക്കുകയാണ് വേണ്ടത്. എന്നാല്‍ ജനങ്ങളുടെ ജീവന് കയ്യിലിട്ട് പന്താടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പുതിയിന്നയം അനുസരിച്ച് പൊതുവിപണിയില്‍ നിന്നും സംസ്ഥാനങ്ങള്‍ പണം കൊടുത്ത് വാക്സീന് വാങ്ങേണ്ട സ്ഥിതിയാണുള്ളത്. ഇത് സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുക. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമില്ല. വാക്സീന് വിതരണത്തിലൂടെ ഇന്ത്യയില്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് വലിയൊരു വിപണി തുറന്നിട്ടു കൊടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് പ്രതിഷേധാര്‍ഹമാണ്. വാക്സീന് നിര്‍മ്മാണ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യുന്നതിന് അവസരം സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സീന് നയമെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
വാക്സീന് വിതരണത്തില്‍ കേരളം കടുത്ത അലംഭാവമാണ് കാണിക്കുന്നത്. ആവശ്യമായ വാക്സീനുകള്‍ ശേഖരിക്കുന്നതിലും വീഴ്ചവരുത്തി. കേരളത്തിന്റെ പല വാക്സീന് കേന്ദ്രങ്ങളും ഇപ്പോള്‍ കൊവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുകയാണ്. അസാധാരണമായ തിക്കും തിരക്കുമാണ് ഇവിടെങ്ങളില്‍ അനുഭവപ്പെടുന്നത്. ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് എന്നിവയാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു ഡോസ് വാക്സീന് 250 രൂപയ്ക്ക് ഇതുവരെ ലഭ്യമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്സീന് നയം അനുസരിച്ച് കൊവിഷീല്‍ഡിന്റെ ഒരു ഡോസ് ലഭിക്കാന്‍ സര്‍ക്കാര്‍ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയുമാണ് നല്‍കേണ്ടി വരിക. കമ്പനികള്‍ ഉത്പ്പാദിപ്പിക്കുന്നതില്‍ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനു നല്‍കുകയും ബാക്കി 50 ശതമാനം നിര്‍മ്മാതാക്കള്‍ക്ക് നേരിട്ട് പൊതുവിപണിയില്‍ എത്തിക്കാനും സാധിക്കും.






