
കണ്ണൂര്‍ : കെ.എം. ഷാജി എം.എല്‍.എയെ തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ പൂട്ടാനൊരുങ്ങി സര്‍ക്കാര്‍. അനധികൃത സ്വത്ത് സമ്പാദനം, പ്ലസ് ടു കോഴ കേസുകളില്‍ അഴീക്കോട് എം.എല്‍.എ: കെ.എം. ഷാജിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് വിജിലന്‍സ് ശക്തമാക്കിയിരിക്കുന്നത്. വിജിലന്‍സ് കണ്ണൂര്‍, കോഴിക്കോട് യൂണിറ്റുകളാണ് രണ്ടുകേസുകളിലായി അന്വേഷണം നടത്തുന്നത്.
അനധികൃത സ്വത്ത്സമ്പാദന കേസില്‍ ഡിവൈ.എസ്.പി: ജി. ജോണ്‍സന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എട്ടുപേരെകൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിരിക്കുകയാണിപ്പോള്.
വിജിലന്‍സ് എസ്.പി: എസ്. ശശിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും സി.പി.എമ്മിന്റെ വിശ്വസ്തനായ കണ്ണൂരിലെ ഒരു പോലിസ് ഓഫീസറും അന്വേഷണത്തില്‍ നേരിട്ട് ഇടപെടുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ കോഴ്സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ ഷാജി കൈക്കൂലി വാങ്ങി എന്നാരോപിച്ചായിരുന്നു ഷാജിക്കെതിരേ ആദ്യ നീക്കം. വിജിലന്‍സ് തന്നെ അന്വേഷണം നടത്തിയെങ്കിലും ഷാജിയെ പ്രതിയാക്കാന്‍ മതിയായ തെളിവു ലഭിക്കുന്നതില്‍ താമസം നേരിട്ട സാഹചര്യത്തിലാണ്. അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരില്‍ ഷാജിക്കെതിരേ കേസെടുത്തത്. ഒരുകോടി 42 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന് വ്യക്തമാക്കിയാണ് വിജിലന്‍സ് പ്രത്യേക കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.
കോഴിക്കോട് മാലൂര്‍കുന്നിലെ വീട് അളന്ന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സ് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 46,67000 രൂപ കണ്ടെത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള തുകയാണെന്നും ഇതിനെല്ലാം വ്യക്തമായ കണക്കുണ്ടെന്നുമാണ് ഷാജിയുടെ അവകാശവാദം. ഷാജിയുടെ ഭാര്യയെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. പിടിച്ചെടുത്ത രേഖകളില്‍ പലതും ഷാജിയുടെ ഭാര്യയുടെ പേരിലായതിനാലാണിത്. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച സമയം കോടതി അനുവദിച്ചിരുന്നു.
ഫ്ളക്സ് അടിച്ചവകയിലും പ്രിന്റിങ് ചാര്‍ജുമായി മാത്രം ഏകദേശം 22 ലക്ഷം രൂപ കൊടുത്തു തീര്‍ക്കാന്‍ ബാക്കിയുണ്ടെന്നു ഷാജിയുടെ ചീഫ് ഇലക്ഷന് ഏജന്റും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ രജിത്ത് നാറാത്ത് പറഞ്ഞു.






