ഫിറ്റ്ബിറ്റ് ലക്സ് ഫിറ്റ്നസ് ബാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ വെയറബിളിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ആഭരണത്തിന് സമാനമായ രൂപകല്‍പ്പനയാണ്. ഫിറ്റ്ബിറ്റ് ലക്സ് ഫിറ്റ്നസ് ബാന്‍ഡിന് മെറ്റല്‍ ഇന്ജക്ഷന് മൗള്‍ഡിംഗ് എന്ന രൂപകല്‍പ്പനാ പ്രക്രിയ വഴി നിര്‍മിച്ച സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കേസ് നല്‍കിയിട്ടുണ്ട്.
സോഫ്റ്റ് ഗോള്‍ഡ് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച പാര്‍ക്കര്‍ ലിങ്ക് ബ്രേസ്ലറ്റ്, സ്വിംപ്രൂഫ് ക്ലാസിക് സിലിക്കണ്‍ പിയോണി ബാന്‍ഡ് എന്നീ രണ്ട് ഓപ്ഷനുകളില്‍ പ്രത്യേക പതിപ്പ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഫിറ്റ്ബിറ്റ് ലക്സ് സ്പെഷല്‍ എഡിഷന് രൂപകല്‍പ്പന ചെയ്യുന്നതിന് കാലിഫോര്‍ണിയയിലെ ലഗൂണ ബീച്ച് ആസ്ഥാനമായ ഗോര്ജാന എന്ന ജ്വല്ലറി ബ്രാന്‍ഡുമായി അമേരിക്കന്‍ കമ്പനിയായ ഫിറ്റ്ബിറ്റ് സഹകരിച്ചതായി ആണ് സൂചന.
ഇന്ത്യയില്‍ 10,999 രൂപ മുതലാണ് വില. ആറ് മാസത്തേക്ക് ഫിറ്റ്ബിറ്റ് പ്രീമിയം സൗജന്യമായി ലഭിക്കും. ഫിറ്റ്ബിറ്റ് പ്രീമിയം 175 രാജ്യങ്ങളിലെ പതിനെട്ട് ഭാഷകളില്‍ ലഭ്യമാണ്. 17,999 രൂപയാണ് ഗോര്ജാന രൂപകല്‍പ്പന ചെയ്ത ഫിറ്റ്ബിറ്റ് ലക്സ് സ്പെഷല്‍ എഡിഷന് മോഡലിന് വില. ഫിറ്റ്ബിറ്റ് ലക്സ് വൈകാതെ ഇന്ത്യയില്‍ ലഭിച്ചുതുടങ്ങുമെന്ന് കമ്പനി അറിയിച്ചു. അമോലെഡ് ടച്ച്സ്ക്രീന്‍ കളര്‍ ഡിസ്പ്ലേയാണ് ഫിറ്റ്ബിറ്റ് ലക്സ് ഉപയോഗിക്കുന്നത്. ഹൃദയമിടിപ്പ് നിരക്ക്, മാനസിക പിരിമുറുക്കം, ഉറക്കം എന്നിവ നിരീക്ഷിക്കുന്നതാണ് ഫിറ്റ്ബിറ്റ് ലക്സ്. ഓപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ത്രീ ആക്സിസ് ആക്സെലറോമീറ്റര്‍, വൈബ്രേഷന്‍ മോണിറ്റര്‍, എസ്പിഒ2 നിരീക്ഷിക്കുന്നതിന് റെഡ്, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ എന്നിവ ലഭിക്കുന്നു.






