
മുംബൈ: സാമ്പത്തിക ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ സി.ബി.ഐ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. മുംബൈ മുന്‍ പോലീസ് കമ്മീണര്‍ പരംവീര്‍ സിംഗ്ഉന്നയിച്ച ആരോപണം അന്വേഷിക്കുന്ന സി.ബി.ഐ ദേശ്മുഖിനെതിരെ പ്രഥമദൃഷ്ട്യ കുറ്റം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലെ എ.എസ്.ഐ ആയിരുന്ന സച്ചിന് വാസെയോട് ്രപതിമാസം 100 കോടി രൂപ പിരിച്ചുനല്‍കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടുവെന്നും അഴിമതി നടത്തിയിട്ടുണ്ടെന്നുമായിരുന്നു പരം വീര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നല്കിയ കത്തില്‍ ആരോപിച്ചത്.
കേസില്‍ സി.ബി.ഐ അന്വേഷിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അനില്‍ ദേശ്മുഖ് രാജിവച്ചത്. ദേശ്മുഖിനെതിരെ 15 ദിവസത്തിനകം അന്വേഷണം നടത്തി എന്തെങ്കിലും കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഏപ്രില്‍ അഞ്ചിന് നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ദേശ്മുഖ് സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന് നല്‍കിയിരിക്കുകയാണ്.
അനില്‍ അംബാനിയുടെ വീടിനു മുന്നില്‍ സ്ഫോടക വസ്തു നിറച്ച വാഹനം കണ്ടെത്തിയതിനു പിന്നാലെ വാഹന ഉടമ മാന്‍സുഖ് ഹിരേണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സച്ചിന് വാസെ പിന്നീട് അറസ്റ്റിലാവുകയും സര്‍വീസില്‍ നിന്ന് സസ്പെന്റു ചെയ്യപ്പെടുകയുമായിരുന്നു.






