കഴിഞ്ഞ വർഷം ഏപ്രിലിൽ 10 പുത്തൻ ഫീച്ചറുകളുമായി 2020 സെൽറ്റോസിനെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് വില്പനക്കെത്തിച്ചു. കിയ മോട്ടോഴ്സിന്റെ ഒരു പത്രസമ്മേളനം ഏപ്രിൽ 27-ന് ഉണ്ടെന്നാണ് റിപ്പോർട്ട്. പത്രസമ്മേളനത്തിൽ 2021 സെൽറ്റോസ് ആയിരിക്കും പ്രധാന വിഷയമെന്നും സൂചനയുണ്ട്. 2021 സെൽറ്റോസിലെ പ്രധാന ആകർഷണം പാനരോമിക് സൺറൂഫ് ആണ് എന്നാണ് വിവരം. കിയ മോട്ടോഴ്സിന്റെ പുത്തൻ ലോഗോ ആണ് മറ്റൊരു പ്രധാന ആകർഷണം. കെ ഐ എ (KIA) എന്ന ലോഗോയിലെ ഓരോ അക്ഷരങ്ങളും പരസ്പരം ബന്ധിപ്പിച്ച വിധത്തിലാണ് പുത്തൻ ലോഗോ. റിപ്പോർട്ട് അനുസരിച്ചു സ്പെഷ്യൽ എഡിഷൻ മോഡലായ സെൽറ്റോസ് ഗ്രാവിറ്റി എഡിഷനും കിയ മോട്ടോർസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് വിവരം.
ഏറ്റവും ഉയർന്ന മോഡൽ ആയി സെൽറ്റോസ് ഗ്രാവിറ്റിയെ കഴിഞ്ഞ വർഷം ജൂലായിൽ കിയ മോട്ടോഴ്സിന്റെ മാതൃരാജ്യമായ ദക്ഷിണ കൊറിയയിലാണ് അവതരിപ്പിച്ചത്. റീഡിസൈൻ ചെയ്ത് ഗ്രിൽ ആണ് സെൽറ്റോസ് ഗ്രാവിറ്റിയുടെ പ്രധാന ആകർഷണം. സിൽവർ നിറത്തിൽ പൊതിഞ്ഞ റിയർവ്യൂ മിററിന്റെ കവർ, ഡ്യുവൽ ടോൺ 18-ഇഞ്ച് അലോയ് വീലുകൾ, ഡോർ ഗാർണിഷ്, പുറകിൽ സ്കിഡ് പ്ലെയ്റ്റ് എന്നിവ സെൽറ്റോസ് ഗ്രാവിറ്റിയുടെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നു. ക്രോം നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ചതുപോലുള്ള പുത്തൻ ഗ്രിൽ ഒരു വ്യത്യസ്ത ലുക്ക് നൽകുന്നു. 3D രീതിയിലാണ് ഈ ഗ്രിൽ ഇൻസേർട്ടുകളുടെ ഡിസൈനിങ്.
കിയ സെൽറ്റോസിന് 3 എൻജിൻ ഓപ്ഷനുകളാണ് ഉള്ളത്. 1.5-ലീറ്റർ സ്മാർട്ട് സ്ട്രീം പെട്രോൾ, 1.5-ലീറ്റർ സിആർഡിഐ ഡീസൽ, 1.4-ലീറ്റർ സ്മാർട്ട്സ്ട്രീം ടർബോ-പെട്രോൾ. ഇതിൽ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് സെൽറ്റോസ് ഗ്രാവിറ്റി എഡിഷൻ വില്പനക്കെത്തും എന്ന് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടേയ് ക്രെറ്റ, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹിന്ദ്ര എക്സ്യുവി500, ജീപ്പ് കോമ്പസ് എന്നീ എസ്യുവികളായിരിക്കും കിയ സെൽറ്റോസിന്റെ എതിരാളികൾ.






