
ന്യൂഡൽഹി: യു.പി. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ മെച്ചപ്പെട്ട ചികിത്സക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഉത്തർപ്രദേശിലെ ആശുപത്രിയിലുള്ള കാപ്പൻറെ ആരോഗ്യനില മോശമാകുന്നു എന്ന് ചൂണ്ടിക്കാട്ടി കുടുംബവും പത്രപ്രവർത്തക യൂണിയനുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശിലെ മഥുര ജയിലിലടച്ച കാപ്പന് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യനില വഷളായി. ഈ വിവരം കാപ്പൻ്റെ അഭിഭാഷകൻ കുടുംബത്തെ അറിയിച്ചതോടെയാണ് വിവിധ മേഖലയിൽനിന്നുള്ള ഇടപെടലുകൾ കേസിൽ ഉണ്ടാകുന്നത്. കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെയുഡബ്ല്യൂജെ ഡൽഹി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
സിദ്ധീഖ് കാപ്പൻ്റെ ഹർജി അടന്തിരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പതിനൊന്ന് എം.പിമാർ സംയുക്തമായി കത്ത് നൽകിയിരുന്നു.
ജസ്റ്റിസ് എൻ.വി. രമണയ്ക്കാണ് എംപിമാർ കത്തുനൽകിയത്. സിദ്ധീഖ് കാപ്പൻ്റെ നില വളരെ ഗുരുതരമാണെന്നും അടിയന്തരമായി മുഖ്യമന്ത്രിയും മനുഷ്യാവകാശ പ്രവർത്തകരും ഇക്കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് എംപിമാരുടെ ഇടപെടൽ.
ഉത്തർപ്രദേശിലെ മഥുര മെഡിക്കൽ കോളേജിൽ കൊവിഡ് പൊസീറ്റിവായ ചികിത്സയിൽ കഴിയുകയാണ് സിദ്ധീഖ് കാപ്പൻ. അദ്ദേഹത്തിന്റെ താടിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. ഈ അവസ്ഥയിലും കാപ്പനെ ആശുപത്രി കിടക്കയിൽ ചങ്ങലക്കിട്ടിരിക്കുകയാണെന്നും എം.പിമാർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നെങ്കിലും ഒരിക്കൽപോലും അപേക്ഷ തീർപ്പാക്കിയിട്ടില്ല. ഹാത്രസിൽ പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ എന്ന നിലയിൽ സംഭവസ്ഥലത്തെത്തിയ
സിദ്ദീഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബർ 5 ന് മഥുരയിൽ വച്ചായിരുന്നു അറസ്റ്റ്.
എം.പിമാരായ കെ. സുധാകരൻ,കെ മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് , ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി,എൻ.കെ പ്രേമചന്ദ്രൻ,പി വി അബ്ദുൽ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരിക്കുന്നത്.
