മിഡില്‍വെയിറ്റ് നേക്കഡ് സ്പോര്‍ട്സ് ബൈക്ക് മോഡലായ 650 എന്‍.കെ. മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ സി.എഫ്. മോട്ടോ.ഈ വാഹനത്തിന്റെ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു.ബി.എസ്.6 എന്ജിന് മാനദണ്ഡം അനുസരിച്ച് നിരത്തുകളില്‍ എത്താനൊരുങ്ങുന്ന ഈ മോഡലിനെ വരും ആഴ്ചകളില്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന.
സി.എഫ്. മോട്ടോയില്‍ നിന്ന് ബി.എസ്. 6 മാനദണ്ഡം പാലിച്ചെത്തുന്ന രണ്ടാമത്തെ വാഹനമാണ് 650 എന്‍.കെ. ഇതിന്റെ ചെറിയ പതിപ്പായ 300 എന്‍.കെയാണ് ബി.എസ്.6 ലേക്ക് എത്തിയ ആദ്യ മോഡല്‍. 650 എന്‍.കെ. മോഡലിന് കരുത്തേകുന്നത് 649 സി.സി. പാരലന്‍ ട്വിന്‍ എന്‍ജിനാണ്. ഇത് 60 ബി.എച്ച്.പി. പവറും 56 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സായിരിക്കും 650 എന്‍.കെയില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുന്നത്.
മുന്‍ മോഡലില്‍ നല്‍കിയിരുന്ന എല്‍.ഇ.ഡി. സ്ക്രീനിന് പകരം ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോളായിരിക്കും 650 എന്‍.കെ യിൽ. ഒപ്പം പുതുതലമുറ ബൈക്കുകളിലല് നല്കുന്ന കണക്ടിവിറ്റി ഫീച്ചറുകളും ലഭിച്ചേക്കും. പുതിയ ടാങ്ക്, വ്യത്യസ്തമായി നിറങ്ങള്‍ക്കൊപ്പം പുതുമയുള്ള ഗ്രാഫിക്സ് എന്നിവ പ്രതീക്ഷിക്കാം. റിപ്പോർട്ട് പ്രകാരം പുതിയ പതിപ്പിന് 4.5 ലക്ഷം രൂപയോളം എക്സ്ഷോറും വില പ്രതീക്ഷിക്കാം. ഓസ്ട്രിയന്‍ കമ്പനിയായ കിസ്ക ഡിസൈനായിരിക്കും ഈ വാഹനം അണിയിച്ചൊരുക്കുന്നത്. പുതുതലമുറ കെ.ടി.എം. ഡ്യൂക്ക് മോട്ടോര്‍ സൈക്കിളിന്റെ ഡിസൈനിങ്ങ് നിര്‍വഹിച്ചതും ഇതേ കമ്പനിയാണ്.






