കിയ മോട്ടോഴ്സിന്റെ സോണറ്റ് എന്ന കുഞ്ഞന്‍ എസ്.യു.വി. 2020 സെപ്റ്റംബര്‍ മാസത്തില്‍ ആണ് വിപണിയില്‍ എത്തിയത്. റിപ്പോർട്ട് പ്രകാരം ഈ മഹാമാരി കാലത്തും നാല് മാസത്തിനുള്ളില്‍ ഈ വാഹനത്തിന്റെ 38,363 യൂണിറ്റാണ് നിരത്തുകളില്‍ എത്തിച്ചത്. 2021-ലും കുതിപ്പ് തുടരുകയാണ് കിയ സോണറ്റ്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 25000-ത്തില്‍ അധികം വാഹനം വിറ്റഴിച്ചാണ് കിയ ഈ വര്‍ഷവും മികച്ച മുന്നേറ്റം നടത്തുന്നത്. കിയ മോട്ടോഴ്സിന്റെ റീ-ബ്രാന്റിങ്ങിന്റെ ഭാഗമായി പുത്തന്‍ ലോഗോയുമായി വിപണിയിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് കിയ സോണറ്റ്. പല സ്ഥലങ്ങളിലും പുതിയ ലോഗോ പതിപ്പിച്ച സോണറ്റ് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് സോണറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്.
1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്ജിന് ഓപ്ഷനുകളിലാണ് സോണറ്റ് വിപണിയിൽ എത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഇന്റലിജെന്റ് മാനുവല്‍ (ഐ.എ.ടി) എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. നിരവധി സുരക്ഷ ഫീച്ചറുകള്‍ക്കൊപ്പം 57-ഓളം കണക്ടിവിറ്റി ഫീച്ചറുകളുമായാണ് സോണറ്റ് എത്തിയിട്ടുള്ളത്. കിയ സോണറ്റ് എസ്യുവിയുടെ 7 സീറ്റര്‍ വേര്‍ഷന്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ അടുത്തിടെ അവതരിപ്പിച്ചു. ഇന്ത്യയില്‍ വില്‍ക്കുന്ന 5 സീറ്റര്‍ കിയ സോണറ്റ് സബ്കോംപാക്റ്റ് എസ്യുവിയുടെ (നാല് മീറ്ററില്‍ താഴെ നീളം, 3995 എംഎം) അതേ ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവ കിയ സോണറ്റ് 7 സീറ്ററിനും നല്കിയിരിക്കുന്നു.






