2021 മോഡല്‍ ട്രൈബര്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചതായി റെനോ ഇന്ത്യ പ്രഖ്യാപിച്ചു. ആര്‍എക്സ്ഇ, ആര്എക്സ്എല്, ആര്എക്സ്ടി, ആര്എക്സ്സെഡ് എന്നീ നാല് വേരിയന്റുകളിലാണ് എംപിവി ലഭിക്കുന്നത്. 5.30 ലക്ഷം (ആര്‍എക്സ്ഇ മാന്വല്‍) മുതല്‍ 7.65 ലക്ഷം രൂപ (ആര്എക്സ്സെഡ് എഎംടി) വരെയാണ് എക്സ് ഷോറൂം വില. 5 സ്പീഡ് മാന്വല്‍, 5 സ്പീഡ് ‘ഈസി ആര്’ എഎംടി എന്നീ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാണ്.
റെനോ ട്രൈബര്‍ 2019 ഓഗസ്റ്റിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇന്ത്യയില്‍ ഇതുവരെ 75,000 ല്‍ കൂടുതല്‍ യൂണിറ്റ് ട്രൈബര്‍ വിറ്റുപോയി. ക്വിഡ് പോലെ, എതിരാളികള്‍ക്ക് പ്രകോപനമുണ്ടാക്കുന്ന വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയാണ് ട്രൈബര്‍ അവതരിപ്പിച്ചത്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്റ്റിയറിംഗില്‍ നല്കിയ ഓഡിയോ, ഫോണ്‍ കണ്ട്രോളുകള് എന്നിവ 2021 ട്രൈബറിലെ പുതിയ ചില ഫീച്ചറുകളാണ്.
റെനോ ട്രൈബര്‍ പുതിയ സെഗ്മെന്റ് സൃഷ്ടിച്ചാണ് വിപണിയിലെത്തിയത്. ഇപ്പോൾ ഡാറ്റ്സണ്‍ ഗോ പ്ലസ് മാത്രമാണ് എതിരാളി. ഇപ്പോള്‍ ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലും റെനോ ട്രൈബര്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഓപ്ഷണലായി എഎംടി നല്‍കിയിരുന്നു. സീഡര് ബ്രൗണ്‍ എന്ന കളര്‍ ഓപ്ഷന് പുതുതായി നല്കിയിരിക്കുന്നു. പുറത്തെ റിയര്‍ വ്യൂ കണ്ണാടികളില്‍ എല്‍ഇഡി ടേണ്‍ സിഗ്നലുകള്‍ ലഭിച്ചു. ഇലക്ട്രിക് ബ്ലൂ, മൂണ്‍ലൈറ്റ് സില്‍വര്‍, മെറ്റല്‍ മസ്റ്റര്‍ഡ്, ഐസ് കൂള്‍ വൈറ്റ് എന്നിവയാണ് മറ്റ് നാല് കളര്‍ ഓപ്ഷനുകള്‍. ഡുവല്‍ ടോണ്‍ ഓപ്ഷനുകളില്‍ ആര്എക്സ്സെഡ് വേരിയന്റ് ലഭിക്കും. റെനോ ട്രൈബര്‍ പ്രായോഗികമായ സീറ്റിംഗ് ക്രമീകരണങ്ങളിലാണ് വിപണിയിലെത്തിച്ചത്. 5 സീറ്റ് ക്രമീകരണത്തില്‍ 625 ലിറ്ററാണ് ബൂട്ട് ശേഷി. സെഗ്മെന്റില്‍ ഏറ്റവും വലുത്.
2021 മോഡല്‍ റെനോ ട്രൈബറിന്റെ ബുക്കിംഗ് ഓണ്‍ലൈന്‍ വഴി സ്വീകരിച്ചുതുടങ്ങി. ബുക്കിംഗ് തുക 11,000 രൂപയാണ്. ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്താന്‍ കഴിയും. നിലവിലെ അതേ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എൻജിൻ 71 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. സമീപ ഭാവിയില്‍ ടര്‍ബോ വേര്‍ഷന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.






