
ഹാര്‍ലി ഡേവിഡ്സണ് പാന്‍ അമേരിക്ക 1250 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഇന്ത്യയില്‍ ലഭിക്കും. ബേസ് വേരിയന്റിന് 16.90 ലക്ഷം രൂപയാണ് വില. 19.99 ലക്ഷം രൂപയാണ് പാന്‍ അമേരിക്ക 1250 സ്പെഷല്‍ എന്ന പ്രീമിയം വേരിയന്റിന്റെ വില. എല്ലാം ഇന്ത്യ എക്സ് ഷോറൂം വില. വിലയിൽ ഹാർലി ഡേവിഡ്സൺ പാൻ അമേരിക്ക 1250-യുടെ എതിരാളി ഹോണ്ട ആഫ്രിക്ക ട്വിൻ ആണ്. ബിഎംഡബ്ള്യു ആർ 1250 ജി എസ്സിനും, ഉടൻ വില്പനക്കെത്തുന്ന ഡ്യുക്കാറ്റി മൾട്ടിസ്ട്രാഡ V4-നും പാൻ അമേരിക്ക 1250 ശതമായ വെല്ലുവിളിയാണ്.
എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന 6.8 ഇഞ്ച് കളര്‍ ടിഎഫ്ടി ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ രണ്ട് വകഭേദങ്ങളുടെയും സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. സ്പെഷല്‍ വേരിയന്റിൽ ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന സെമി ആക്റ്റീവ് സസ്പെന്ഷന് സംവിധാനം, സെന്റര്‍ സ്റ്റാന്‍ഡ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ഹീറ്റഡ് ഗ്രിപ്പുകള്‍, സ്റ്റിയറിംഗ് ഡാംപര്‍, വ്യവസായത്തില്‍ ഇതാദ്യമായി അഡാപ്റ്റീവ് റൈഡ് ഹൈറ്റ് സിസ്റ്റം (ഓപ്ഷണല്‍) എന്നി അധിക ഫീച്ചറുകളുണ്ട്.
രണ്ട് വേരിയന്റുകളുടെയും മെക്കാനിക്കല്‍ സ്പെസിഫിക്കേഷനുകള്‍ ഒന്നുതന്നെയാണ്. പാൻ അമേരിക്ക 1250-യ്ക്ക് 1252 സിസി റെവൊല്യൂഷൻ മാക്സ് വി-ട്വിൻ എൻജിൻ ആണ് ലഭിക്കുന്നത്. ഈ എൻജിൻ 9,000 ആർപിഎമ്മിൽ 150 എച്ച്പി പവറും 6,750 ആർപിഎമ്മിൽ 127 എൻഎം ടോർക്കുമാണ് നിർമ്മിക്കുന്നത്. സ്ലിപ്പർ ക്ലച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന ആറ് സ്പീഡ് ഗിയർബോക്സ് ആണ് ഹാർലി ഡേവിഡ്സൺ പാൻ അമേരിക്ക 1250-യ്ക്ക്. വേരിയബിൾ വാൽവ് ടൈമിംഗ്, ലിക്വിഡ്-കൂളിംഗ്, ഇരട്ട ഓവർഹെഡ് ക്യാംഷാഫ്റ്റുകൾ, നാല്-വാൽവ് സിലിണ്ടർ ഹെഡുകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ റെവൊല്യൂഷൻ മാക്സ് വി-ട്വിൻ എൻജിനിൽ ഉൾപെടുത്തിയിട്ടുണ്ട്.






