
ടാറ്റ മോട്ടോഴ്സ് ഡിസൈന്‍ വിഭാഗം മേധാവി പ്രതാപ്ബോസ് ടാറ്റയോട് സ്ഥാനമൊഴിഞ്ഞു. ടാറ്റയുടെ ജനപ്രിയ മോഡലുകളായ നെക്സോണ്‍, ഹാരിയര്‍, അല്‍ട്രോസ് തുടങ്ങിയ വാഹനങ്ങളുടെ ഡിസൈനിങ്ങ് ഒരുക്കിയ വ്യക്തിയും ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയുടെ ശില്‍പ്പിയുമാണ് പ്രതാപ് ബോസ്.
ഇറ്റലി, യു.കെ., പൂനെ എന്നിവിടങ്ങളിലെ ടാറ്റയുടെ മൂന്ന് ഡിസൈന്‍ സെന്ററുകളില്‍ പ്രതാപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതാപ് ബോസ് 2019-ജനുവരിയിലാണ് ടാറ്റയുടെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റായി നിയമിതനാകുന്നത്. പ്രതാപിനെ 2021-ലെ വേള്‍ഡ് കാര്‍ പേര്‍സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് പരിഗണിച്ചിരുന്നതായി ആണ് റിപ്പോർട്ട്. ടാറ്റയുടെ പുതിയ ഡിസൈന്‍ വിഭാഗം മേധാവി മാര്ട്ടിന് ഉല്ഹാരികാണ്. ടാറ്റ മോട്ടോഴ്സിന്റെ യൂറോപ്യന്‍ ടെക്നിക്കല്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് മാര്ട്ടിന് പ്രവര്‍ത്തിക്കുന്നത്.
മാര്ട്ടിന് 2016-ലാണ് ടാറ്റ മോട്ടോഴ്സിന്റെ ഭാഗമാകുന്നത്. അദ്ദേഹം യു.കെയിലെ ഡിസൈന്‍ വിഭാഗത്തിന്റെ മേധാവിയായിരുന്നു. ടാറ്റ മോട്ടോഴ്സ് സി.ഇ.ഒ, എം.ഡി. ഗുണ്ടര് ബട്ട്ഷെക് ആണ് മാര്‍ട്ടിന്റെ പേര് നിര്‍ദേശിച്ചത്. ടാറ്റയുടെ ഇംപാക്ട് 3 ജനറേഷന് വാഹനങ്ങളുടെ ചുമതല മാര്‍ട്ടിനാണ്.






